ന്യൂദല്‍ഹി: പഞ്ചാബ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാണെന്ന് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പഞ്ചാബ് പൊലീസിന് മൂന്ന് താക്കീതുകള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആഭ്യന്തര മെമോ രൂപത്തിലാണ് താക്കീതുകള്‍ നല്‍കിയിരുന്നതെന്ന് പറയപ്പെടുന്നു.
പഞ്ചാബ് പൊലീസ് ഈ സുരക്ഷാഭീഷണിയെക്കുറിച്ച് മുന്‍കൂട്ടി അറഞ്ഞിട്ടുണ്ടായിരുന്നെങ്കില് ആരാണ് സുരക്ഷാ സജ്ജീകരണങ്ങളെ തകിടം മറിച്ചത്? ഈ ചോദ്യത്തിനാണ് പഞ്ചാബ് പൊലീസിലെ ഉന്നതരും രഹസ്യാന്വേഷണവിഭാഗവും ഉത്തരം തേടുന്നത്.
പഞ്ചാബിലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നരേഷ് അറോറയാണ് എഡിജിപി റാങ്കിലുള്ള 11 ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാഭീഷണിയ്ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടി കുറിപ്പുകള്‍ അയച്ചത്. ‘പ്രധാനമന്ത്രിയുടെ റാലി ദിവസത്തില്‍ നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭം- സുരക്ഷയും റൂട്ട് തയ്യാറാക്കലും’ എന്ന തലക്കെട്ടോടെയാണ് നരേഷ് അറോറ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ട്. ‘ഏത് ധര്‍ണ്ണയും ഗതാഗത തടസ്സത്തിന് കാരണമായേക്കാം. അതുകൊണ്ട് ട്രാഫിക് വഴിതിരിച്ചുവിടാനുള്ള പദ്ധതികള്‍ മൂന്‍കൂട്ടി ആസൂത്രണം ചെയ്യണം. കര്‍ഷകരുടെ സമരപദ്ധതി എന്തെന്ന് എസ്എസ്പിമാരോടെ വ്യക്തിപരമായി പറയണം. ഇതിനനുസൃതമായി പരിപാടികള്‍ ആസൂത്രണം ചെയ്യണം,’- ഇതായിരുന്നു എഡിജിപി നരേഷ് അറോറയുടെ നോട്ടില്‍ ഉണ്ടായിരുന്ന താക്കീത്.
ഈ മെമ്മോ പ്രധാനമന്ത്രിയുടെ ചുമതലയുള്ള സൂപ്പര്‍വൈസറി ഓഫീസര്‍ക്കും അയച്ചു. ജനവരി 1,2,4 തീയതികളിലാണ് ആഭ്യന്തര മെമ്മോ എഴുതിയത്.
ജനവരി 2ന് അയച്ച നോട്ട് ഇപ്രകാരമാണ്: ‘കരിമ്പിന് പാടങ്ങളും കുഴല്‍ക്കിണറുകളും അഴുക്കുചാലുകളും ഉള്ള ഭൂമിയാണ് ഫിറോസ്പൂര്‍. സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമ്പോള്‍ ഇതെല്ലാം കണക്കിലെടുക്കണം. ഹുസൈനിവാല ഹെലിപാഡിലും ആയുധമുപയോഗിക്കാതെ കരുതലോടെ ഉദ്യോഗസ്ഥരെ വിന്യസിക്കണം. സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ നല്ലതുപോലെ പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിക്കണം. കര്‍ഷകസമരക്കാര്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന പാതയില്‍ ഏതെങ്കിലും റോഡ് തടയുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബദല്‍ റൂട്ടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. ടിഫിന്‍ ബോക്സുകള്‍, ഗ്രനേഡുകള്‍, സ്ഫോടക ഉപകരണങ്ങള്‍, എന്നിവ കാര്യമായി പരിശോധിക്കണം. റാലി റൂട്ടിലെ സൂരക്ഷാ വിന്യാസം കൂട്ടത്തോടെയായിരിക്കണം. തടസ്സങ്ങള്‍ ഉണ്ടായാല്‍ അത് അവിടെ പോയി നീക്കാനുള്ള സഞ്ചാരസജ്ജീകരണങ്ങളും വേണം.’.
പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് ഗതാഗതം തിരിച്ചുവിടാന്‍ ബദല്‍ സംവിധാനം വേണമെന്ന് ഒരു മെമ്മോ വ്യക്തമായി തന്നെ സൂചന നല്കുന്നു. ‘ഏത് ധര്‍ണ്ണയും റോഡ് തടസ്സപ്പെടാന്‍ കാരണമായേക്കാം. അതുകൊണ്ട് ഗതാഗതം തിരിച്ചുവിടാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കണം.’
ഇത്രയ്ക്ക് താക്കീതുകള്‍ മുന്‍കൂട്ടി ലഭിച്ചിട്ടും, ആരാണ് ബദല്‍ സംവിധാനമുണ്ടാക്കാനുള്ള പദ്ധതിയെ അട്ടിമറിച്ചത്? ഈ ചോദ്യമാണ് പഞ്ചാബ് പൊലീസിനെ വലയ്ക്കുന്നത്. ഈ ഗൗരവപ്പെട്ട സുരക്ഷാവീഴ്ച കണക്കിലെടുത്ത് പഞ്ചാബ് സര്‍ക്കാരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഈ വീഴ്ചയ്ക്ക് ഉത്തരവാദിയായവരെ കണ്ടെത്തുക, അവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുക,’- ഇതാണ് ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
‘പ്രധാനമന്ത്രിയുടെ യാത്രാ പരിപാടികള്‍ മുന്‍കൂട്ടി പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതനുസരിച്ച് പ്രധാനമന്ത്രിയുടെ ഗതാഗതം, സുരക്ഷ, അടിയന്തരഘട്ടങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെല്ലാം പഞ്ചാബ് സര്‍ക്കാരാണ് ചെയ്യേണ്ടത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സൂരക്ഷാഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതായിരുന്നു. അതുണ്ടായില്ല,’- കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു.
സാധാരണ പ്രധാനമന്ത്രി ഒരു സംസ്ഥാനത്തെത്തുമ്പോള്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ അനുഗമിക്കേണ്ടതുണ്ട്. എന്നാല്‍ ഇവരാരും പ്രധാനമന്ത്രിയെ അനുഗമിച്ചതേയില്ല.
തന്റെ സംഘത്തിലെ ചിലര്‍ കോവിഡ് പോസിറ്റീവായതിനാല്‍ തനിക്ക് പ്രധാനമന്ത്രിയെ അനുഗമിക്കാന്‍ സാധിക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിങ് ഛന്നി നല്കിയ വിശദീകരണം. എന്നാല്‍ ഇതേ മുഖ്യമന്ത്രി പിന്നീട് മാസ്ക് പോലും ധരിയ്ക്കാതെ വൈകീട്ട് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായി.
പ്രധാനമന്ത്രിയുടെ അകമ്പടി വാഹനത്തിന് നീങ്ങാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍, പ്രധാനമന്ത്രി ബട്ടിന്‍ഡ വിമാനത്താവളത്തില്‍ പോവുകയും അവിടെ നിന്ന് ദല്‍ഹിയ്ക്ക് തിരിക്കുകയും ചെയ്തു.
ദല്‍ഹിയിലേക്ക് പുറപ്പെടുംമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇതാണ്: ‘താങ്കളുടെ മുഖ്യമന്ത്രിയോട് നന്ദി പറയൂ. ഞാന്‍ ജീവനോട് മടങ്ങുകയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: