ചെര്‍പ്പുളശേരി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവിന് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ഒറ്റപ്പാലം കളത്തൊടിവീട്ടില്‍ ചന്ദ്രന്റെ മകന്‍ ശരത്(30)ആണ് തട്ടിപ്പിനിരയായത്. ബഹുരാഷ്‌ട്ര കമ്പനികളുടെ പേരിലാണ് തട്ടിപ്പ്.
ക്യൂ നെറ്റിലൂടെ സൂം മീറ്റിങ് വഴി വ്യാജ കമ്പനികളുടെ പേരില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആളുകളോട് പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ബിസിനസ് പോലെയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പണം നിക്ഷേപിച്ച പരാതിക്കാരനായ യുവാവിന് മൂന്നരലക്ഷം രൂപയാണ് നഷ്ടമായത്.
മാങ്ങോട്, ശ്രീകൃഷ്ണപുരം ഭാഗങ്ങളിലുള്ള ക്യൂ നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കാണ് പണം കൈമാറിയത്. സൂം മീറ്റിങില്‍ മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിക്കുന്നതിന് പുറമെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ് നടത്തി സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോകള്‍ പ്രചരിപ്പിക്കും. ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കാണിക്കാനാണ് ഇത്തരം ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത്. തുക ഗഡുക്കളായി തിരിച്ചുകിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് പണം പിരിച്ചെടുക്കുന്നത്.
പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളടങ്ങിയ പുസ്തകങ്ങളും വായിക്കാന്‍ നല്‍കും. ബാങ്ക് മുഖേന വാങ്ങിയാല്‍ തെളിവാകും എന്നുകരുതി ഇടപാടുകള്‍ നേരിട്ടാണ് നടക്കുന്നത്. പണം നല്‍കുമ്പോള്‍ നല്‍കിയ ആളുകളുമായി കരാറുണ്ടാക്കുകയാണ് പതിവ്. നിരവധി യുവതീ-യുവാക്കള്‍ ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: