മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടക്കി അയയ്ക്കുകയാണ് ഓസ്ട്രേലിയ. കോവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയ ഓപ്പണില്‍ പങ്കെടുക്കാനെത്തിയതാണ് താരം. ഒപ്പം, വിസ അപേക്ഷയില്‍ ചില തെറ്റുകള്‍ വരുത്തുകയും കൂടി ചെയ്തതോടെ താരത്തെ മടക്കി അയക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസണന് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കുവാനായി നേരത്തേ ജോക്കോവിച്ചിന് കോവിഡ് വാക്സിന് എടുക്കണം എന്ന നിയമത്തില്‍നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. മെല്‍ബണിലെ ടുല്ലാമറൈന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ജോക്കോവിച്ചിനെ പിന്നീട് ഐസൊലേഷനിലാക്കി. .ജോക്കോവിച്ചിനെ വിസ റദ്ദാക്കി എന്നും ഉടന്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നും കാണിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതായി ടൂര്‍ണ്ണമെന്റ് കമ്മിറ്റിയും വ്യക്തമാക്കി.
ഓസ്ട്രേലിയ തുടരുന്ന ശക്തമായ കരുതലിന്റെ ഭാഗമായി ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണങ്ങള് രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഒന്നായി ഓസ്ട്രേലിയ മാറിയെന്നും, അതേ കര്‍ശന നിലപാട് തുടരുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസണും പറഞ്ഞു. നിയമം നിയമമാണ്, ആര്‍ക്കും ഒരു പ്രത്യേക ഇളവും നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജോക്കോവിച്ചിന്റെ അഭിഭാഷകര്‍, വിസ റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസ് നടക്കുന്ന സമയത്ത് ടെന്നീസ് താരം ഓസ്ട്രേലിയയില്‍ തുടരുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സെര്‍ബിയന്‍ പ്രസിഡണ്ട് അലേക്സാന്ദ വുസിക് താന്‍ ജോക്കോവിച്ചുമായി ഫോണില്‍ സംസാരിച്ചതായി വെളിപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെയുള്ള അവഹേളനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെര്‍ബിയയിലേക്കുള്ള വിമാനം തയ്യാറാകുന്നതുവരെ താരം പൊലീസ് കാവലില്‍ മെല്‍ബണിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: