ന്യൂദല്‍ഹി : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സുനില്‍ ജക്കാര്. പഞ്ചാബില്‍ സംഭവിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മോദിയുടെ സുരക്ഷ കൃത്യമായി ഒരുക്കേണ്ടതായിരുന്നുവെന്നും ജക്കാര് ട്വിറ്ററിലൂടെ അറിയിച്ചു.
എന്തുതന്നെയായാലും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് സംഭവിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു എന്നത് അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ റാലിയിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പോകാനാവശ്യമായ സൗകര്യവും സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമായിരുന്നു. ഇതാണ് ജനാധിപത്യം,’ എന്നാണ് ജക്കാര് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ പഞ്ചാബ് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനാണ് ജക്കാര്.
പഞ്ചാബില്‍ ഉണ്ടായത് നിയമവ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ട്വിറ്ററിലൂടെ പ്രതികരിച്ചു. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പരാജയം തന്നെ. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാതിരുന്ന നിങ്ങള്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. രാജിവെച്ചൊഴിയണമെന്നും അമരീന്ദര്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിയെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ വെച്ചായിരുന്നു പ്രതിഷേധക്കാര്‍ അദ്ദേഹത്തെ തടഞ്ഞത്. പതിനഞ്ച് മിനിറ്റോളം പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: