ഐക്യകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന് ആദര്‍ശ രാഷ്ട്രീയത്തിന്റെ പാതയിലേക്കു വന്ന നേതാവാണ് നമുക്കിടയില്‍ നിന്ന് വിടപറഞ്ഞിരിക്കുന്ന കെ. അയ്യപ്പന് പിള്ള. അനന്തപുരിയുടെ കാരണവര്‍ എന്നു വിശേഷിപ്പിക്കാവുന്ന സര്‍വസമ്മതനായിരുന്ന ഈ രാഷ്ട്രീയ നേതാവ് സംസ്ഥാന തലസ്ഥാനത്തെ പൗരപ്രമുഖനുമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും, രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം നേടാനും കഴിഞ്ഞ നേതാവായിരുന്നു അയ്യപ്പന് പിള്ള. ശ്രീമൂലം പ്രജാസഭയില്‍ അംഗമാവുകയും തിരുവിതാംകൂറിലെയും തിരുക്കൊച്ചിയിലെയും സംസ്ഥാന രൂപീകരണത്തിനും, കേരളപ്പിറവിക്കു ശേഷം ഇതുവരെ നടന്ന എല്ലാ നിയമസഭകളിലേക്കും വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞ ഈ അഭിഭാഷകന് തിരുവനന്തപുരം നഗരസഭ രൂപംകൊണ്ടപ്പോള്‍ അതിലും അംഗമായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും പ്രായം കൂടിയ അംഗമെന്ന ബഹുമതിയും അയ്യപ്പന് പിള്ളയ്ക്ക് അവകാശപ്പെട്ടതായിരുന്നു. വിവാദങ്ങളില്പ്പെടാതെയും, ആരോടും വിദ്വേഷം പുലര്‍ത്താതെയും എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ ജീവിതം നയിക്കാന്‍ കഴിഞ്ഞ ഈ വന്ദ്യവയോധികന് പൊതുപ്രവര്‍ത്തകര്‍ക്ക് വിശിഷ്ട മാതൃകയാണ്. കേരള രാഷ്ട്രീയത്തില്‍ അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന ആദര്‍ശവിശുദ്ധിയുടെ ഉജ്വല പ്രതീകം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന അയ്യപ്പന് പിള്ളയുടെ ജീവിതത്തെ സ്വാധീനിച്ചത് മലബാറില്‍ നിന്ന് ഹരിജന യാത്ര നയിച്ച് തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജിയെ നേരില്‍ കാണാന്‍ കഴിഞ്ഞതാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ട് ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ അതിന് കഴിയുന്ന രാഷ്ട്രീയ നിലപാടുകള്‍ എടുക്കുകയായിരുന്നു. ആദ്യം സോഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസ്സിലെത്തുകയും ചെയ്തു. ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന കെ. ഭാസ്കര്റാവുവുമായുള്ള ബന്ധത്തിലൂടെ ദേശീയ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരായ ജനരോഷത്തിന്റെ തിരയിലേറി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഭാരതീയ ജനസംഘം ഉള്‍പ്പെടുന്ന ജനതാ സര്‍ക്കാരിന്റെ പതനത്തിനുശേഷം, ബിജെപി രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ഉപാധ്യക്ഷനായും പിന്നീട് ഖജാന്‍ജിയായും ഒക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു. സാംസ്കാരിക ദേശീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതുക്കിപ്പണിത എല്‍.കെ. അദ്വാനിയുമായി അടുത്തബന്ധം അയ്യപ്പന് പിള്ളയ്ക്ക് ഉണ്ടായിരുന്നു എന്നത് അധികം പേര്‍ക്കും അറിയാത്ത കാര്യമാണ്. കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം തലസ്ഥാന നഗരത്തിലെ പ്രേരണാസ്രോതസ്സായിരുന്നു. വഴുതക്കാട്ടിലെ വീട്ടിലെത്തുന്ന ആരും ആ സ്നേഹവാത്സല്യം അനുഭവിച്ചു.
ബിജെപി നേതൃത്വത്തിലെ തലമുറമാറ്റത്തെ അടുത്തറിയാനും, ഓരോ കാലത്ത് പാര്‍ട്ടിയെ നയിച്ച മഹാരഥന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിഞ്ഞ അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു അയ്യപ്പന് പിള്ള. അടല്‍ ബിഹാരി വാജ്പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തിന് കീഴില്‍ കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പല നിലകളില്‍ പാര്‍ട്ടിക്ക് നേട്ടമായി. ഡോ. മുരളീമനോഹര്‍ ജോഷി കശ്മീരിലേക്കു നടത്തിയ ഏകതാ യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കം കുറിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാനും അയ്യപ്പന് പിള്ളയുണ്ടായിരുന്നു. ബിജെപിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഏകതായാത്രയുടെ മുഖ്യ സംഘാടകനായിരുന്ന നരേന്ദ്ര മോദിയുമായും അന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു. ഇതേ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായപ്പോഴും ചുമതലകളൊന്നുമില്ലാതെയും പാര്‍ട്ടിയിലെ വിശിഷ്ട വ്യക്തിത്വമായി അയ്യപ്പന് പിള്ള തുടര്‍ന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ വിളിയെത്തിയത് ഈ ആദര്‍ശശാലിയുടെ മനംകുളിര്‍പ്പിച്ചു. ‘നമസ്തേ പിള്ള സാര്‍’ എന്ന ഒരൊറ്റ സംബോധനയില്‍ ആയുസ്സുമുഴുവന്‍ നീണ്ട ത്യാഗത്തിനുള്ള അംഗീകാരമുണ്ടായിരുന്നു. ശതായുസ്സു പിന്നിട്ടും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിഞ്ഞത് ഒരു അപൂര്‍വ സൗഭാഗ്യമാണ്. എല്ലാക്കാലത്തും ജന്മഭൂമിയുടെ അഭ്യുദയ കാംക്ഷിയായിരുന്ന, വിട പറഞ്ഞ ചരിത്രപുരുഷന് ഞങ്ങളുടെ പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: