ന്യൂദല്‍ഹി: ഷാവോമിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ നിര്‍മാതക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് നോട്ടീസുകള്‍ അയച്ചത്.
2017 മുതല്‍ 2020 വരെയുള്ള കാലങ്ങളിലാണ് ഈ ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇന്റലിജന്‍സ് പറയുന്നു. ഇന്ത്യയിലെ മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഐ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്. ക്വാല്‍കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷാവോമി മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനി ലിമിറ്റഡിനും ലൈസന്‍സ് ഫീയും റോയല്‍റ്റിയും നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്.
ക്വാല്‍കോമിനും, ചൈനയിലെ ഷാവോമി കമ്പനിയ്ക്കും നല്കിയ റോയല്‍റ്റിയും ലൈസന്‍സ് ഫീയും, ഷാവോമി ഇന്ത്യയും അതിന്റെ കരാര്‍ നിര്‍മാതാക്കളും ഇറക്കുമതി ചെയ്ത ചരക്കുകളുടെ ഇടപാടുകളില്‍ ചേര്‍ത്തിരുന്നില്ല. ഇത് കസ്റ്റംസ് ആക്റ്റ് 1962 ലെ സെക്ഷന്‍ 14 ന്റെയും 2007 ലെ കസ്റ്റംസ് വാല്വേഷന് റൂളിനെതിരെയും നടത്തുന്ന ലംഘനമാണ്.
നേരത്തെ ഷാവോമി, ഓപ്പോ, വണ്‍ പ്ലസ് എന്നീ കമ്പനികളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടത്തിയിരുന്നു. ചൈനീസ് മൊബൈല്‍ കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അന്ന് അന്വേഷണത്തോട് സഹകരിക്കുകയാണെന്ന് ഓപ്പോ കമ്പനി പ്രതികരിച്ചു. മുന്‍പ് നടത്തിയ അന്വേഷണത്തിലും നികുതി വെട്ടിപ്പിന് സാധുതയേകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: