പാലക്കാട് : നടന് ഉണ്ണി മുകുന്ദന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത് ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത മോറിസ് കോയിന് ക്രിപ്റ്റോകറന്‍സി തട്ടിപ്പിലെ പ്രതി നിഷാദുമായി ഉണ്ണി മുകുന്ദന്റെ സിനിമ കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന് ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയതെന്ന് ഇഡി അറിയിച്ചു.
ചൊവ്വാഴ്ച ഉണ്ണി മുകുന്ദന്റെ വീട്ടിലും അതിനു ചേര്‍ന്നുള്ള ഓഫീസിലും നടത്തിയ തെരച്ചിലില്‍ ക്രിപ്റ്റോകറന്‍സികള്‍ അടക്കമുള്ള കോടികള്‍ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളും മറ്റും ഇഡി പിടിച്ചെടുത്തതായും വിവരമുണ്ട്.
മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തിലെ പ്രതി മലപ്പുറം സ്വദേശിയായ കെ. നിഷാദുമായി ഉണ്ണി മുകുന്ദന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലീസ് നേരത്തെ തന്നെ കേസെടുത്തിട്ടുള്ളതാണ്. മുഖ്യ പ്രതിയായ നിഷാദ് നിലവില്‍ ഒളിവിലാണ്.
ഉണ്ണി മുകുന്ദന് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ചൊവ്വാഴ്ച എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊച്ചിയില്‍ അന്‍സാരി നെക്സ്ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു. തമിഴ്നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
അതേസമയം താന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന് എന്ന സിനിമയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തിയതെന്നാണ് പ്രതികരിച്ചത്. തന്റെ പുതിയ സിനിമയുടെ നിക്ഷേപവും പണത്തിന്റെ സ്രോതസ്സും ബാക്കി കണക്കുകളും മറ്റും പരിശോധിക്കാനും അറിയാനുമുള്ള സാധാരണ സന്ദര്‍ശനം വേണ്ടി മാത്രമാണ് ഇഡി തന്റെ ഓഫീസിലേക്കെത്തിയതെന്ന് ഉണ്ണി മുകുന്ദന് അറിയിച്ചു.
എന്നാല്‍ ക്രിപ്റ്റോ കറന്‍സി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇതുവരെ ആറ് പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകളുടെ അറസ്റ്റും നടപടികളും ഉടനുണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് സൂചന നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: