തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന് ഇ.ശ്രീധരന്. ചെലവ് കുറച്ചുകാണിച്ചും വസ്തുതകള്‍ മറച്ചുവെച്ചും സര്‍ക്കാര്‍ എന്തിന് ജനങ്ങളെ കബളിപ്പിക്കുന്നെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ചോദിച്ചു.
500 മീറ്ററില്‍ ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍ ബ്രിഡ്ജുകളോ നിര്‍മിക്കുന്നതിനാല്‍ കെറെയില്‍ കേരളത്തെ വിഭജിക്കില്ലെന്ന് ഇന്നലെ തിരഞ്ഞെടുത്ത ക്ഷണിതാക്കളുമായി നടത്തിയ സംവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍. നിരപ്പായ ഇടങ്ങളില്‍ ആളുകളേയും മൃഗങ്ങളേയും തടയാന്‍ ഇരുവശത്തും ഉയര്‍ന്ന കോണ്‍ക്രീറ്റോ കല്ലുകള്‍ അടുക്കിയ ഭിത്തികള്‍ നിര്‍മിക്കുമെന്നാണ് പറയുന്നത്. ഇരുവശത്തും ഉറപ്പുള്ള ഭിത്തികള്‍ നല്‍കുന്നത് ഒരു പാരിസ്ഥിതിക ദുരന്തമാണ്, കാരണം ഇത് പ്രകൃതിദത്തമായ ഡ്രെയിനേജിനെ തടയും, മാത്രമല്ല ഇരുവശത്തേക്കുമുള്ള കാഴ്ച മറയ്ക്കും. അതിനാല്‍ ചുരുക്കത്തില്‍ കേരളത്തെ അതു രണ്ടായിയ വിഭജിക്കും. മാത്രമല്ല, കെ റെയില്‍ തറനിരപ്പില്‍ സ്ഥിതി ചെയ്യുന്ന 393 കിലോമീറ്ററിലും കുട്ടനാടിന്റെ അവസ്ഥയില്‍ വെള്ളക്കെട്ടിനു കാരണമാകും.
കൂടാതെ, 393 കിലോമീറ്ററില്‍ കൂടുതല്‍ 800 ലധികം റെയ്ല്‍വേ ഓവര്‍ബ്രിഡ്ജുകളോ റെയ്ല്‍വേ അണ്ടര്‍ ബ്രിഡ്ജുകളോ നിര്മിക്കിക്കേണ്ടി വരും. ഓരോന്നിനും 20 കോടി ചെലവു വരും. അതായത് ആകെ ചെലവ് ഏകദേശം 16,000 കോടി രൂപ. നിലവിലെ എസ്റ്റിമേറ്റില്‍ ഈ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. 800 റെയ്ല്‍വേ ഓവര്‍ബ്രിഡ്ജുകള്‍ക്കും റെയ്ല്‍വേ അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും മുന്‍കൂട്ടി കണ്ടിട്ടില്ലാത്ത കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമിയുടെ അധികച്ചെലവും ഏറ്റെടുക്കുന്നതിനുള്ള സമയവും കണക്കാക്കേണ്ടതുണ്ടെന്നും ശ്രീധരന്. കൂടാതെ, പ്രധാന പദ്ധതികളുടെ ഡിപിആര്‍ പരസ്യമാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മൊത്തം കള്ളമാണ്. കുറഞ്ഞത് 10 പ്രധാന പ്രോജക്ടുകള്‍ക്കെങ്കിലും താന്‍ ഡിപിആര്‍ തയ്യാറാക്കിയിരുന്നു, ആ ഡിപിആറുകളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു എന്നും ഇ.ശ്രീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: