കൊല്ലം: നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ റോഡുകള്‍ അടയ്ക്കുന്നത് വാഹനയാത്രക്കാര്‍ക്കും പോലീസിനും കൂടുതല്‍ തലവേദനയാകുന്നു. രണ്ട് വര്‍ഷമായി പൊളിച്ചിട്ടിരിക്കുന്ന കല്ലുപാലം നിര്‍മാണ പ്രവര്‍ത്തനം എങ്ങുമെത്താതെ ഇഴയുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ മാസം ഇരുമ്പ് പാലത്തിന്റെ സമാന്തര പണ്ടാലം അറ്റകുറ്റപ്പണിക്കായി അടച്ചത്.
പണിപൂര്‍ത്തിയായി എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും തുറന്ന് നല്‍കിയിട്ടില്ല. ഇതിനു പിന്നാലെ ഇന്നലെ മുതല്‍ ചെമ്മാമുക്ക്-അയത്തില്‍ റോഡും അടച്ചു. ഇരവിപുരം കാവല്‍പ്പുര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തന ഭാഗമായി പള്ളിമുക്ക്-ഇരവിപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കാവല്‍പ്പുര റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചിടും. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നുണ്ട്. നാളെമുതല്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണമായിരിക്കും. നാല് ഭാഗത്തും റോഡുകള്‍ അടയ്ക്കുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാകും. ഇതിനെല്ലാം പുറമേ നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരവുമാണ്.
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിച്ച റോഡുകളെല്ലാം തകര്‍ച്ചയിലാണ്. അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടത് വേറെയും. ചുരുക്കത്തില്‍ അടുത്ത കാലത്തൊന്നും നഗരത്തിലൂടെ സ്വസ്ഥമായ യാത്രയ്ക്ക് സാധ്യതയില്ല. ആട്ടോ-ബസ് യാത്രക്കാരാണ് ഇത് മൂലം കൂടുതല്‍ ദുരിതത്തിലാകുന്നത്. പോലീസും ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: