ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റുള്ളവരുടെയും മരണത്തിനിടയാക്കിയ എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച ത്രിസേനാ അന്വേഷണ സംഘം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച്് ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറി സാധ്യതകളൊന്നുമില്ല. കോപ്റ്റര്‍ താഴ്ന്ന ഉയരത്തില്‍ പറക്കുകയായിരുന്നു, റെയില്‍വേ ട്രാക്കിന് സമാന്തരമായി ആയിരുന്നു യാത്ര. യാത്രാമധ്യേ പെട്ടെന്ന് ഉയര്‍ന്നുവന്ന മേഘാവൃതത്തില്‍ നിന്ന് ഒഴിവാകാന്‍ പൈലറ്റ് സംഘം ശ്രമിച്ചു. മുഴുവന്‍ ക്രൂവും ‘മാസ്റ്റര്‍ ഗ്രീന്‍’ വിഭാഗത്തില്‍ പെട്ടവരാണ്. സംഘത്തില്‍ ഉണ്ടായിരുന്നത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ പെട്ടവരാണെന്നും, ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെലികോപ്റ്റര്‍ താഴ്ന്ന ഉയരത്തില്‍ പറക്കുകയായിരുന്നു. ഭൂപ്രദേശം അറിയാവുന്നതിനാല്‍ ലാന്‍ഡിംഗിന് പകരം ഉയര്‍ന്നു വന്ന ശക്തമായ മേഘത്തില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. എന്നാല്‍, മേഘത്തില്‍ നിന്ന് കടക്കുന്നതിന് മുന്‍പ് തന്നെ ഉയര്‍ന്നു നിന്നിരുന്ന ഒരു പാറയില്‍ കോപ്റ്റര്‍ ഇടിക്കുകയായിരുന്നു. അടുത്തുള്ള സ്‌റ്റേഷനുകളിലേക്ക് എമര്‍ജന്‍സി കോളുകളൊന്നും നല്‍കിയിട്ടില്ല, ഇത് വ്യക്തമാക്കുന്നത് അടിയന്തര സാഹചര്യം ഒന്നും പൈലറ്റുമാര്‍ മുന്നില്‍ കണ്ടിരുന്നില്ല എന്നാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ നടന്ന അപകടമാണിതെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു മുതിര്‍ന്ന നേവി ഹെലികോപ്റ്റര്‍ പൈലറ്റും ഒരു ആര്‍മി ഓഫീസറും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
അന്വേഷണ സംഘം പ്രതിരോധ മന്ത്രിക്കും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപകടത്തിന്റെ കാരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: