തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയമവിഭാഗത്തില്‍ ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഫയലുകള്‍ ഇഴഞ്ഞു നീങ്ങുന്നു. സര്‍ക്കാരിന് പ്രതിവര്‍ഷം കോടികളുടെ നഷ്ടം.
സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗത്തിലും ഇ ഫയല്‍ സംവിധാനം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ധനവകുപ്പിലും പൊതുഭരണവകുപ്പിലുമൊക്കെ എണ്പതു ശതമാനത്തോളം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറി. മറ്റു വകുപ്പുകളിലും ഇ-ഫയല്‍ സംവിധാനത്തിന്റെ ജോലികള്‍ നടന്നു വരുന്നു. ഇതിലേയ്ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനം ലഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാണ് ജോലികള്‍ നടത്തിവരുന്നത്. എന്നാല്‍ നിയമ വകുപ്പില്‍ ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറാകുന്നില്ല. ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കാന്‍ വിദഗ്ധരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിയമിക്കാതെ മുഖ്യമന്ത്രിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തുകയാണ് നിയമവകുപ്പ്. ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതോടെ പേപ്പര്‍ ഫയലുകള്‍ കുറയും. അച്ചടി ഇനത്തിലും സര്‍ക്കാരിന് ലക്ഷങ്ങള്‍ ലാഭിക്കാനാകും.
നിയമ വിഭാഗത്തില്‍ ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനു പകരം ലാ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റുവെയറാണ് ഉപയോഗിക്കുന്നത്. കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. 2.5 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവ്. കൂടാതെ അറ്റകുറ്റ പണികള്‍ക്കുള്ള തുക വേറെയും നല്‍കണം. എന്നാല്‍ ഈ സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ജോലികള്‍ കാര്യമായി നടക്കുന്നുമില്ല.
ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ നിയമ വകുപ്പ് ഒഴികെ മറ്റ് എല്ലാ വകുപ്പുകളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇ-ഗവേണ്‍സ് പരിശീലനം കഴിഞ്ഞവരെ നിയമിച്ചു. എന്നാല്‍ ആവശ്യത്തിന് ജോലിക്കാര്‍ ഉണ്ടെന്ന് പറഞ്ഞ് പിജിഡിഇജി പഠിച്ചവരെ നിയമിക്കാന്‍ തയ്യാറായില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് നിയമവകുപ്പിലെ വിവിധ കമ്പ്യൂട്ടര്‍ വിഭാഗങ്ങളില്‍ നിയമിച്ചിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാല്‍ ഇവരെയെല്ലാം പിരിച്ചു വിടേണ്ടതായി വരും. പകരം എത്തുന്നവര്‍ പാര്‍ട്ടി അനുഭാവികള്‍ ആകണമെന്നില്ല. അതിനാലാണ് ഫയലുകള്‍ ഇഴഞ്ഞു നീങ്ങിയാലും ഖജനാവിന് കോടികളുടെ നഷ്ടം സംഭവിച്ചാലും ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നിയമവിഭാഗം തയ്യാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: