പൊൻകുന്ന(കോട്ടയം): റബ്ബർ കർഷകർ ലാറ്റക്‌സ് വില്പനയിലേക്ക് തിരിഞ്ഞതോടെ റബ്ബർ ഷീറ്റ് ഉത്പാദനത്തിൽ കുറവ്. ഷീറ്റ് ഉത്പാദിപ്പിക്കാൻ പ്രോത്സാഹനത്തിനായി കിലോഗ്രാമിന് രണ്ട് രൂപ വരെ നല്കാൻ റബ്ബർ ബോർഡിന്റെ പദ്ധതിയായി. മുൻവർഷത്തേക്കാൾ 2021ൽ പ്രകൃതിദത്ത റബ്ബറുത്പാദനത്തിൽ വർധന ഉണ്ടായെങ്കിലും ഷീറ്റു റബ്ബറിന്റെ ഉത്പാദനം കൂടിയില്ല. 2.5 ശതമാനത്തിന്റെ കുറവ് 2021ൽ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് 2021 ഒക്ടോബർ മുതൽ തുടർച്ചയായി പെയ്ത കനത്ത മഴ റബ്ബറുത്പാദനത്തെ കാര്യമായി ബാധിച്ചു. ഇത് ആഭ്യന്തര വിപണിയിൽ റബ്ബറിന്റെ ലഭ്യതക്കുറവിന് കാരണമായി. കഴിഞ്ഞ സപ്തംബർ മാസം റബ്ബറുത്പാദനത്തിൽ വർധന ഉണ്ടായി. റബ്ബർ വില ഉയർന്നു നിൽക്കുന്ന സാഹചര്യമുണ്ടെങ്കിലും മോശപ്പെട്ട കാലാവസ്ഥ മൂലം ഒക്ടോബർ മുതൽ ഉത്പാദനം മന്ദഗതിയിലാണ്. റബ്ബറുത്പാദനം ഏറ്റവും ഉയർന്നു നിൽക്കുന്നത് നവംബർ മുതൽ ഫെബ്രുവരിയുള്ള മാസങ്ങളിലാണ്. എന്നാൽ മഴ മാറിയതോടെ ചൂട് വർധിച്ചു. ഇതും റബ്ബറിന്റെ ലഭ്യതയ്‌ക്ക് കുറവ് വരുത്തുന്നുണ്ട്.
റബ്ബർ പാലിന് മെച്ചപ്പെട്ട വില കിട്ടിത്തുടങ്ങിയതോടെയാണ് ലാറ്റക്‌സ് വില്പനയിലേക്ക് കർഷകർ തിരിഞ്ഞത്. ഷീറ്റു റബ്ബർ ഉത്പാദിപ്പിക്കാൻ കൂടുതൽ സമയവും പണച്ചെലവും കഷ്ടപ്പാടും ആവശ്യമായതിനാലാണ് ലാറ്റക്‌സ് വില്പനയിലേക്ക് കർഷകരെ തിരിച്ചുവിടുന്നത്. ടാപ്പിങ് തൊഴിലാളികളുടെ കുറവും മറ്റൊരു കാണമാണ്.
കർഷകരുടെ ഈ പിന്മാറ്റം ഷീറ്റ് റബ്ബറിന്റെ ദൗർലഭ്യത്തിന് കാരണമാകും. ഷീറ്റു റബ്ബറിൽ നിന്ന് ലാറ്റക്‌സിലേക്കുള്ള മാറ്റം റബ്ബർ മേഖലയ്‌ക്ക് തിരിച്ചടിയാകും. ഇത് മുന്നിൽ കണ്ടാണ് ഷീറ്റുത്പാദനം കൂട്ടുന്നതിന് റബ്ബർ ബോർഡ് ഹ്രസ്വകാല ധനസഹായ പദ്ധതി നടപ്പാക്കുന്നത്. കിലോഗ്രാമിന് രണ്ട് രൂപ വരെ പ്രോത്സാഹനമായി നല്കുന്നതാണ് റബ്ബർ ബോർഡ് പദ്ധതി. റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബർ ബോർഡ് കമ്പനികളിലോ ഷീറ്റു റബ്ബർ നല്കുന്ന കർഷകർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള പദ്ധതികാലത്ത് ഒരു കർഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ധനസഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: