ജേ്യാതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
‘ചതയം ചതഞ്ഞു കിടക്കും’ എന്ന ചൊല്ല് വല്ല പ്രാസപ്രിയന്റെയും കുബുദ്ധിയിലുദിച്ചതാവാനേ തരമുള്ളു. ഇടിച്ചു കയറാനും അനര്‍ഹമായവ ബലാല് കൈക്കൊള്ളാനും മുതിരാത്തവരാണ് ചതയം നാളുകാര്‍. ന്യായമായത്, അവകാശപ്പെട്ടത്, നേരും നെറിയുമുള്ളത് എപ്പോഴായാലും തന്നെ തേടിവരാതിരിക്കില്ല എന്ന ആത്മവിശ്വാസവും അവരുടെ ഉള്ളിന്റെ ഉള്ളിലുണ്ട്.
ശനി ആധിപത്യം വഹിക്കുന്ന കുംഭം രാശിയില്‍ ജനിച്ചവരാകയാല്‍ മനസ്സിന് നല്ല പതവും പാകവും ഉള്ളവരാണ്. കഠിനതരമായ പരീക്ഷണങ്ങളുടെ കയ്പു ചവര്‍പ്പുകള്‍ നേരിട്ടുതന്നെ അനുഭവിച്ചിട്ടുണ്ട്. ജീവിതം എന്താണെന്നും, മനുഷ്യന് ഈ ജീവിതം കൊണ്ട് എന്തൊക്കെ നേടുമെന്നും, എന്തൊക്കെ നഷ്ടപ്പെടുത്തുമെന്നും, വ്യക്തമായി കണ്ടറിഞ്ഞിട്ടുള്ളവരുമാണ്. അതിനാല്‍ അവരുടെ മനസ്സ് കുറച്ചൊക്കെ ചിന്താപരമാണ്; ദാര്‍ശനികമാണ്. പുറം പൂച്ചുകള്‍ ചതയം നാളുകാരെ തെല്ലും മയക്കുകയില്ല. അതിനാല്‍ ആവേശം കൊണ്ട് തിളയ്ക്കാനും ‘അമ്പട ഞാനേ’ എന്ന മട്ടില്‍ സ്വന്തം ജീവിതത്തെ ആനയും അമ്പാരിയുമുള്ള ഒരു ഘോഷയാത്രയാക്കി മാറ്റാനും ചതയം നാളുകാര്‍ ഒരിക്കലും മുതിരുകയില്ല. പൊതുവേ അന്തര്‍മുഖരാണ്, ഉള്‍വലിഞ്ഞ മട്ടുകാരാണ്. കനമുള്ള ആ നിശബ്ദതയും മൗന സാന്നിധ്യവും കണ്ടിട്ടാവാം കഥയറിയാത്ത അല്പജ്ഞാനികള് അവരെ ‘ചതയ്ക്കാന്‍’ വൃഥാ ഒരുമ്പെട്ടത് .
ചതയം നാളിന്റെ ദേവത വരുണനാണ്. കശ്യപന്റെയും അദിതിയുടെയും മകനായിപ്പിറന്ന് ജന്മം കൊണ്ടുതന്നെ ദേവത്വം സമ്പാദിച്ചു. ബ്രഹ്മാവാണ് പടിഞ്ഞാറേ ദിക്കിന്റെ ആധിപത്യം നല്കി വരുണനെ അഷ്ടദിക്ക് പാലകന്മാരില് ഒരാളാക്കിയത്. നക്ഷത്രനാഥനായ വരുണന്റെ പടിഞ്ഞാറുമായുള്ള ബന്ധം, ചതയം ഉള്‍പ്പെടുന്ന കുംഭം രാശിക്ക് പടിഞ്ഞാറുമായുള്ള ബന്ധം (മിഥുനം, തുലാം, കുംഭം എന്നിവ മൂന്നും പടിഞ്ഞാറന്‍ രാശികള്‍) എന്നിവ ശ്രദ്ധേയമാണ്. അത്രയുമല്ല കുംഭം രാശിയുടെ നാഥനായ ശനിയ്ക്കും പാശ്ചാത്യബന്ധമുണ്ട്. അങ്ങനെ ചിന്തിച്ചാല്‍ പാശ്ചാത്യദിക്ക് ഇവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന ഇടമെന്നാവുമോ ആശയം? കിഴക്ക് എന്നത് ഭാരതത്തിന്റെ പൗരാണികത, പാരമ്പര്യ മഹിമ, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. അതിന്റെ നേര് വിരുദ്ധമാണ്, വിപരീതമാണ് പടിഞ്ഞാറ് എന്നത്. പാരമ്പര്യത്തെ ഉല്ലംഘിക്കാനും വിഗ്രഹങ്ങളെ ഭഞ്ജിക്കാനും തുടര്‍ന്നു പോരുന്നവയ്ക്ക് എതിരെ നീന്താനും ചതയം നാളുകാരില്‍ അഗാധമായ ഉള്‍പ്രേരണ ഉണ്ടാവുമെന്ന ആശയമാവുമോ ഇതില്‍ അന്തര്‍ലീനമായിക്കിടക്കുന്നത്? കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ട വിഷയമാണത്. മനീഷികള്‍ ചിന്തിക്കട്ടെ!
ദേവന്മാരാണ് വരുണനെ ജലരാജാവും സമുദ്രദേവനുമാക്കിയത്. വരുണന് കൈയ്യില്‍ പാശമേന്തി മകര മത്സ്യത്തിന്റെ പുറത്ത് കയറി സഞ്ചരിക്കുന്നു. രാഗദ്വേഷാദികളെ നിയന്ത്രിക്കുന്നതാണ് ആ കയര്‍. (ഗണപതി ഭഗവാന്റെയും ദേവിയുടെയും കൈയ്യിലുമുണ്ട് പാശം) ഒട്ടൊക്കെ ചതയം നാളുകാരും വൈകാരിക ജ്വലനത്തെ നിയന്ത്രിക്കാന്‍ കെല്പുള്ളവരാണ്. വരണയോഗ്യന് അഥവാ വരിക്കാന്‍ കൊള്ളാവുന്നവന്‍ എന്ന അര്‍ത്ഥമാണ് വരുണന് എന്ന പേരിനുള്ളതെന്ന് പറയപ്പെടുന്നു. വരുണന് നക്ഷത്രദേവതയാകയാല്‍ വരുണഭം എന്ന് ചതയത്തിന് പേരുണ്ടായി. പ്രാചേതസ്സ് എന്ന പേരുമുണ്ട്. അതിന്റെ ആശയം മറ്റുള്ളവരെക്കാള്‍ മുന്നേ പ്രതിഭയും ബുദ്ധിയും ഉദിച്ചവന്‍ എന്നാണ്. അതുകൊണ്ടാണ് അവര്‍ വന്ദിക്കപ്പെടാനും വരിക്കുവാനും( അംഗീകരിക്കുവാനും) യോഗ്യതയുള്ളവരാണ് എന്നു പറഞ്ഞത്. മറ്റു പലരെയുമപേക്ഷിച്ച് എന്നുകൂടി കൂട്ടിച്ചേര്‍ത്താലും തെറ്റില്ല.
സമുദ്രാന്തര്‍ഭാഗത്ത് ദിവ്യരത്നങ്ങളുണ്ട്. കല്പവൃക്ഷവും മഹാലക്ഷ്മിയും കൗസ്തുഭവും അമൃതും ഉച്ചൈശ്രവസ്സുമെല്ലാം അതിനുള്ളില്‍ നിന്നുമാണല്ലോ വന്നത്. അവമാത്രവുമല്ല, ഐശ്വര്യനാശത്തിന് കാരണക്കാരിയായ ജ്യേഷ്ഠയും പ്രളയകാലത്ത് പ്രപഞ്ച നാശത്തിന് വഴിയൊരുക്കുന്ന സംഹാരാഗ്നിയും (പെണ്‍കുതിരയുടെ രൂപമുള്ള ഈ അഗ്നിയെ ‘ബഡവാഗ്നി’ എന്നു പറയുന്നു). സമുദ്രാന്തര്‍ഭാഗത്തു നിന്നും വന്നവയാണ്; വരുന്നവയാണ്. അങ്ങനെ അപഗ്രഥിക്കുമ്പോള്‍ നന്മതിന്മകളുടെ പൂര്‍ണതയും സമഗ്രതയും തന്നെയാണ് ഏതു നക്ഷത്രക്കാരിലും , ഏതു മനുഷ്യരിലും എന്നപോലെ ചതയം നാളുകാരിലും തെളിഞ്ഞുകാണുന്നത്. ആ നാളിനെ, അതിലെ മനുഷ്യരെ പാര്ശ്വവല്ക്കരിക്കാന് ശ്രമിക്കുന്നത് പരിഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: