Categories: Samskriti

മഹാഭാഗവതവും സപ്താഹയജ്ഞങ്ങളും

കൃഷ്ണന്‍ ഭൂമി വിട്ടതിന് 30 കൊല്ലം കഴിഞ്ഞാണ് പരീക്ഷിത്തിനുവേണ്ടി ഒന്നാം സപ്താഹം നടത്തപ്പെട്ടത്.

ശ്രീ ശുകബ്രഹ്മര്‍ഷി ശ്രീ മഹാഭാഗവതത്തെ  പരീക്ഷിത്തിനായി ഉപദേശിച്ചു.  ഏഴുദിവസംകൊണ്ടാണ് ആ കഥാകഥനം അവസാനിച്ചത്.  പിന്നീടുവന്ന എല്ലാ ഭാഗവതാചാര്യന്മാരും ഏഴുപകലുകൊണ്ട് സപ്താഹപാരായണം നിര്‍വ്വഹിച്ചുപോരുന്നു. 

ആദ്യമായി ശ്രീനാരായണന്‍ ബ്രഹ്മാവിന് ചതുശ്ലോകീഭാഗവതം ഉപദേശിച്ചു. കന്നിമാസത്തിലെ വെളുത്തപക്ഷ നവമിയായ വ്യാഴാഴ്ചയായിരുന്നു അത്.  

ചതുശ്ലോകീഭാഗവതം: (മഹാഭാഗവതം-അ.1; ശ്ലോകം 32, 33, 34, 35). 

 32. അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത്പരംപശ്ചാദഹം യദേതച്ച യോƒവശിഷ്യതേ സോസ്മ്യഹംസാരം

ആദിയില്‍ ഞാനല്ലാതെ സത്തും അസത്തുമായി യാതൊന്നും തന്നെ ഇല്ലായിരുന്നു. സൃഷ്ടിക്കു ശേഷം കാണപ്പെട്ട ലോകരൂപം ഞാനല്ലാതെ മറ്റൊന്നുമല്ല. ശേഷിക്കുന്നവനും ഞാന്‍തന്നെ.

33. ഋതേƒര്‍ത്ഥം യത്  പ്രതീയേത ന  പ്രതീയേത ചാത്മനി തദ്വിദ്യാദാത്മനോ മായാം യഥാƒƒഭാസോ യഥാ തമഃ.

സാരം: കണ്ണാടിയിലെ ഛായ വാസ്തവരൂപമെന്നും ചുറ്റുമുള്ളവ തമസ്സ് ഇല്ലെന്നു തോന്നുംപോലെയും, ഇല്ലാത്തത് ഉള്ളതായും ഉള്ളത് ഇല്ലാത്തതായും തോന്നിക്കുന്നതാണ് എന്റെ മായയുടെ സ്വരൂപം.

34. യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനുപ്രവിഷ്ടാന്യപ്രവിഷ്ടാനി  തഥാ തേഷു ന തേഷ്വഹം

സാരം: നീചവും ഉന്നതവുമായ ഭൂതങ്ങളില്‍  മഹാഭൂതങ്ങള്‍ അനുവേശിച്ചാലും ഞാന്‍ അവ്വിധം പ്രവേശിപ്പതല്ല.  ജീവരൂപനായി ഞാന്‍ പ്രവേശിച്ചെന്നു തോന്നീടിലും സര്‍വ്വരൂപിയാകുന്ന ഞാന്‍ ഒന്നിങ്കലും പ്രവേശിക്കുന്നില്ല.

35. ഏതാവദേവ ജിജ്ഞാസ്യം തത്ത്വജിജ്ഞാസുനാത്മനഃ അന്വയവ്യതിരേകാഭ്യാം യത് സ്യാത് സര്‍വത്ര സര്‍വദാ  

സാരം: തത്ത്വജിജ്ഞാസുവായവന്‍ അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രമേയുള്ളു: ചിന്തിച്ചീടുമ്പോള്‍, അന്വയവ്യതിരേകമട്ടില്‍ എങ്ങും അന്യൂനമിരിപ്പത് ഏതാണോ അതാണ് ആത്മസ്വരൂപം. (ആന്വയം=കൂടിച്ചേര്‍ന്ന്,  വ്യതിരേകം = വേര്‍പിരിഞ്ഞ്).

സാക്ഷാത് ശ്രീ ഭഗവാനില്‍നിന്നു കേട്ട ഈ ചതുശ്ലോകീഭാഗവതത്തെ ബ്രഹ്മാവ് നാരദന് ഉപദേശിച്ചു.  നാരദന്‍  അത് വ്യാസനു പറഞ്ഞുകൊടുത്തു. അതൊരു വൃശ്ചികമാസത്തിലായിരുന്നു.  വ്യാസന്‍ അതിനെ മഹാപുരാണമായി വിരചിച്ച് ശ്രീശുകന് ഉപദേശിച്ചു.  അത് ഒരു ധനുമാസത്തിലായിരുന്നു. ശ്രീശുകന്‍ പരീക്ഷിത്തിനുപദേശിച്ചു. അവിടെവച്ച് ഏഴുപകലുകൊണ്ട് (സപ്താഹം) ഉപദേശിക്കപ്പെട്ട മഹാഭാഗവതം ലോമഹര്‍ഷണമഹര്‍ഷിയുടെ  പുത്രനായ സൂതന്‍ അന്ന് കേട്ടുപഠിച്ചു. പിന്നീട് സൂതന്‍ അത് ശൗനകാദികള്‍ക്ക് ഉപദേശിച്ചു.  

കൃഷ്ണന്‍ ഭൂമി വിട്ടതിന് 30 കൊല്ലം കഴിഞ്ഞാണ് പരീക്ഷിത്തിനുവേണ്ടി ഒന്നാം സപ്താഹം നടത്തപ്പെട്ടത്. കംഭമാസത്തിലെ വെളുത്തപക്ഷത്തിലെ നവമിദിവസമായ വ്യാഴാഴ്ചയായിരുന്നു അത്. പിന്നീട് 200 വര്‍ഷം കഴിഞ്ഞ് ഗോകര്‍ണന്‍ ഒരു സപ്താഹം നടത്തി. അത് കര്‍ക്കടകമാസത്തിലെ വെളുത്തപക്ഷനവമിയിലായിരുന്നു. വീണ്ടും 30 വര്‍ഷം കഴിഞ്ഞ് സനകാദികള്‍ നാരദാഭ്യര്‍ത്ഥനയനുസരിച്ച് ഭക്തിക്കും മക്കളായ ജ്ഞാനവൈരാഗ്യങ്ങള്‍ക്കും വേണ്ടി നടത്തിയ സപ്താഹം വൃശ്ചികത്തിലെ നവമിക്കായിരുന്നു. സപ്താഹത്തിന് ഏറ്റവും ശ്രേഷ്ഠമായത് കുംഭമാസമാണ്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക