കോട്ടയം: ഒരു പിച്ചാത്തിയും തടിയുടെ വേരും ഉണ്ടെങ്കില്‍ പനയകഴിപ്പില്‍ മാലതി മന്ദിരത്തില്‍ സുകുമാരന്‍ നായര്‍ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കും. നമ്മള് ഉപേക്ഷിക്കുന്ന തടിയിലും വേരിലുമാണ് അദ്ദേഹത്തിന്റെ കരവിരുതിന്റെ ദൃശ്യഭംഗി കവിഞ്ഞൊഴുന്നത്. മിഴിവാര്‍ന്ന മനോഹരമായ രൂപങ്ങള്‍ പച്ചിത്തികൊണ്ടും കുപ്പിച്ചില്ല് കൊണ്ടും കൊത്തിയെടുക്കുന്ന ഈ അനുഗ്രഹീത കലാകാരന് പ്രായം ഒരു തടസമേയല്ല. 87ലും മനോഹരങ്ങളായ രൂപങ്ങളാണ് അദ്ദേഹം കൊത്തിയെടുക്കുന്നത്.
കാഴ്ചക്ക് ഇമ്പമേകുന്ന പക്ഷികളുടെ രൂപവും വേരുകള്‍ കൊണ്ട് വൃക്ഷങ്ങളും നിര്‍മ്മിക്കുന്നു. തന്റെ 25ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ കലാസപര്യ. ആതുരാശ്രമത്തിലെ സഹായി ആയിട്ടാണ് സുകുമാരന്‍ നായര്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ഒഴിവു സമയങ്ങളില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹം ഈ രംഗത്തേയ്കു കടന്നു വന്നത്. ചിരട്ട കൊണ്ട് മോതിരം നിര്‍മ്മിച്ചായിരുന്നു തുടക്കം.
അക്കാലത്ത് അത് യുവതീ യുവാക്കളുടെ ഇടയില്‍ വലിയ ഹരമായി മാറിയിരുന്നു. ഈ മോതിരത്തിന്റെ മനോഹാരിത കണ്ട് കെഎസ്ആര്‍ടിസി യിലെ ഒരു ഉദ്യോഗസ്ഥ എത്തുകയും വില്ക്കുമോ എന്നു ചോദിക്കുകയും ചെയ്തു. സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് മോതിരത്തിന് 25 രൂപ നല്കി അവര്‍ അതു സ്വന്തമാക്കി. പിന്നീട് നിരവധി മോതിരങ്ങള്‍ നിര്‍മ്മിച്ചു.10 രൂപയ്ക്കാണ് അവയെല്ലാം വിറ്റത്. പിന്നീട് സ്വര്‍ണ്ണക്കടക്കാരനും മോതിരത്തിന് ആവശ്യക്കാരനായി എത്തി.
എന്നാല്‍ പത്തു രൂപയ്ക്കു നല്കുന്ന മോതിരം കടക്കാരന് 250 രൂപ വാങ്ങുന്നതായി അറിഞ്ഞ് മോതിര നിര്‍മ്മാണം നിര്‍ത്തി. പിന്നീട് എറണാകുളത്തുള്ള ആതുരാശ്രമത്തില്‍ ആയിരിക്കുമ്പോഴാണ് ശില്പങ്ങളുടെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുന്നത്. ഈട്ടിത്തടിയിലും, പ്ലാവിലുമെല്ലാം ശില്പങ്ങള് തീര്‍ത്തു. ഇവയ്ക്കെല്ലാം ധാരാളം ആവശ്യക്കാരുമുണ്ടായി. ആദ്യമായി ഉണ്ടാക്കിയ ഗുരുവായൂരപ്പ ശില്പത്തിന്റെ ഭംഗി കണ്ടിട്ട് അവര്‍ അത് നല്ല വിലനല്‍കി വാങ്ങി. ഭാര്യ ഹൈമവതി മരിച്ചുപോയി. മൂന്ന് മക്കളാണുള്ളത്.
എസ്.ഹരികുമാര്‍, ഇന്ദു, ലേഖ. മകന് ഹരികുമാറിനൊപ്പമാണ് താമസം. ആര്‍എസ്എസ് കോട്ടയം ജില്ലാ സഹകാര്യവാഹാണ് ഹരികുമാര്‍. പ്രായത്തിന്റെതായ ക്ഷീണം ഉണ്ടെങ്കിലും തന്നിലെ സര്ഗ്ഗവാസനയെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയ്യാറല്ല. മനോഹരമായ ശില്പങ്ങള് നിര്‍മ്മിച്ചു കൊണ്ട് അദ്ദേഹം ജീവിത സായാഹ്നത്തിലും അതീവസന്തുഷ്ടനാണ്. എന്നും കര്‍മ്മനിരതനാണ് ഈ കാലാകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: