തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. രണ്ടു തവണത്തെ സസ്പെന്ഷന് കാലവധി അവസാനിക്കുന്നതോടെ ശിവശങ്കര്‍ വീണ്ടും സര്‍ക്കാര്‍ തലത്തിലേക്ക് മടങ്ങിവരുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ തിരികെ പിണറായിയുമായി ബന്ധമുള്ള ഏതെങ്കിലും പദവിയിലേക്ക് മടങ്ങി വരുമോ എന്നാണ് ശ്രദ്ധേയം.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്.
അറസ്റ്റിന് ശേഷം 98 ദിവസം ജയില്‍ വാസം അനുഭവിച്ചു. 2020 ഫെബ്രുവരി നാലിന് ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങി. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും ഇപ്പോള്‍ ജാമ്യത്തിലാണ്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. ഇതിന്റെ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്. കഴിഞ്ഞ ജൂലായ് 16നായിരുന്നു ശിവശങ്കറിന്റെ ആദ്യ സസ്പെന്ഷന്. പിന്നീട് രണ്ടാമതും സസ്പെന്ഷന് നീട്ടി. സ്വര്‍ണക്കടത്ത് കേസ് തണുത്തതോടെ ഇനിയും ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ പിണറായി തയാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: