തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് കറുത്ത കാര്‍ എത്തി. കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കാറിലാണ് മുഖ്യമന്ത്രി ഇനി യാത്ര നടത്തുക. മുമ്പ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ ക്രിസ്റ്റ ഒഴിവാക്കയാണ് 62.5 ലക്ഷം രൂപ മുടക്കി പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ ഇന്നലെയാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. ഇന്നലെ തന്നെ യാത്ര കറുത്ത കാറിലേക്ക് മാറ്റി. വരുംദിവസങ്ങളില്‍ അകമ്പടി വാഹനങ്ങളും കറുപ്പാകും. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ ശുപാര്‍ശ പ്രകാരമാണ് 62.5 ലക്ഷം രൂപ മുടക്കി കറുത്ത കാറുകള്‍ വാങ്ങിയത്.
കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു. കഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന് നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.
പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിവിഐപികള്‍ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വിവിഐപിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശുപാര്‍ശ മുന്‍ ഡിജിപി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: