ലണ്ടന്‍: ഒമിക്രോണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലോക രാജ്യങ്ങള്‍. ഒമിക്രോണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഇസ്രയേല്‍ റദ്ദാക്കി. ഓറഞ്ച് സോണില്‍ നിന്നുള്ള രാജ്യങ്ങളിലെ വാക്സിന് സ്വീകരിച്ച പൗരന്മാര്ക്ക് ഇനി മുതല്‍ ഇസ്രയേലിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ നവംബര്‍ മുതലാണ് ഇസ്രയേല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
യുകെയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി നദീം സഹാവി പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഗുരുതരമാകാത്തത് നിയന്ത്രണങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, യുകെയില്‍ ഇന്നലെയും ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിലും ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഇന്നലെ രണ്ട് മരണം സ്ഥിരീകരിച്ചു.
അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് ദിവസം കഴിഞ്ഞാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പുറത്തിറങ്ങാം. ഒമിക്രോണ്‍ വ്യാപനത്തില്‍ ഭയക്കേണ്ട സ്ഥിതിയില്ലെന്ന് യുസിലെ ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗസി അറിയിച്ചു. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുഎസില്‍ മരണനിരക്ക് കുറഞ്ഞു. വാക്സിന് സ്വീകരിക്കുകയാണ് വേണ്ടത്. നീണ്ട നാളത്തെ പ്രതിസന്ധി ഒമിക്രോണ്‍ സൃഷ്ടിക്കില്ലെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കേസുകള്‍ ക്രമേണ കുറയുന്നത് ശുഭസുചനയാണ്. ലോകരാജ്യങ്ങള്‍ ഭയക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: