ഹൈദരാബാദ്: തെലുങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി എംഎല്‍എ എടേല രാജേന്ദറിനെ വീട്ടുതടങ്കലിലാക്കി കെ. ചന്ദ്രശേഖരറാവു. നീക്കം തെലുങ്കാനയിലെ ബിജെപിയുടെ അഭൂതപൂര്‍വ്വ വളര്‍ച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഞായറാഴ്ച അര്‍ധരാത്രി മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശപ്രകാരമാണ് ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ കരിംനഗറിലെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 14 ദിവസത്തേക്ക് പൊലീസ് റിമാന്റ് ചെയ്ത് ഉത്തരവായി. ബണ്ടി സഞ്ജയ് കുമാറിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എടേല രാജേന്ദര്‍ പുറപ്പെടും മുമ്പാണ് ഹുസൂറബാദ് എംഎല്‍എ കൂടിയായ രാജേന്ദറെ വീട്ടുതടങ്കലിലാക്കിയത്.
എംഎല്‍എമാരായ ടി. രാജാ സിങ്, രഘുനന്ദന് റാവു എന്നിവരുമായി ചേര്‍ന്നാണ് എടേല രാജേന്ദര്‍ ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ കാണാന്‍ പുറപ്പെടാനിരുന്നത്. എന്നാന് വന്‍ പൊലീസ് സന്നാഹം എത്തി എടേല രാജേന്ദറെയും മറ്റ് എംഎല്‍എമാരെയും തടഞ്ഞുവെയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്ഥലം മാറ്റത്തിനെതിരെ നടത്തുന്ന സമരത്തെ പിന്തുണച്ചതിനാണ് ബണ്ടി സഞ്ജയ് കുമാറിനെ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നുവെന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്തത്.
തെലുങ്കാനയില്‍ അതിവേഗത്തിലാണ് ബിജെപി വളരുന്നത്. തെലുങ്കാന രാഷ്ട്രസമിതിയില് നിന്നും രാജിവെച്ചാണ് എടേല രാജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹുസൂറാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് വന്‍ഭൂരിപക്ഷത്തിനാണ് എടേല രാജേന്ദര്‍ വിജയിച്ചത്.
ദളിത് നേതാക്കളാണ് ബിജെപിയുടെ തെലുങ്കാനയിലെ ശക്തി. സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയും നിസാമാബാദ് എംപി ധര്‍മ്മപുരി അരവിന്ദും ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറും എല്ലാം ദളിത് സമുദയ നേതാക്കളാണ്. തെലുങ്കാനയില്‍ 50 ശതമാനത്തോളം വോട്ടുകള്‍ എസ് സിഎസ്ടി, മറ്റു പിന്നാക്ക സമുദാക്കാര്‍ എന്നിവര്‍ ചേര്‍ന്നതാണ്. 17 ശതമാനം ദളിത് വോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: