കല്‍പ്പറ്റ: എസ്പിജി അനുമതി ഇല്ലാതെ രാഹുല്‍ വിദേശത്തേക്ക് പറന്നത് 247 തവണ. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ അവഗണിച്ച് രാഹുല്‍ ഗാന്ധി 2015 മുതല്‍ 2019 വരെ 247 തവണ വിദേശ സന്ദര്‍ശനം നടത്തിയെന്ന് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യര്‍ കല്‍പ്പറ്റ ബിജെപി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷത്തില്‍ 60 തവണ വരെ രാഹുല്‍ വിദേശ യാത്ര നടത്തിയിട്ടുണ്ട്. 2021ല്‍ മാത്രം രാഹുല്‍ ഒരു മാസത്തിലേറെ വിദേശത്ത് ആയിരുന്നു. വയനാട്ടിലെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന രാഹുല്‍ വയനാടിന്റെ എംപിയായി തുടരാന്‍ യോഗ്യനല്ല.
വന്യമൃഗ ശല്യത്താലും കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലതകര്ച്ച മൂലവും ആത്മഹത്യയുടെ മുനമ്പില്‍ എത്തി നില്ക്കുന്ന വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവഗണിച്ച്. രാഹുല്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഇറ്റലിയില്‍ പോയത് വോട്ടു നല്കിയ വയനാടന്‍ ജനതയോടുള്ള അവഗണനയാണ് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കണം എന്നും ദേശീയ നേതാവ് എന്ന നിലയില്‍ ജില്ലയിലെ ആരോഗ്യ മേഖല, കര്‍ഷകരുടെ ജീവല്‍ പ്രശ്നങ്ങള്‍, വനവാസി വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടണം എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എംപി എന്ന നിലയില്‍ രാഹുലിന് വയനാടിനോടുള്ള അവഗണനക്കെതിരെ ബിജെപി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ജില്ലാ ജനറള്‍ സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, കെ.ശ്രീനിവാസന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: