മുംബൈ: കഴിഞ്ഞ ദിവസം ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ മകന് ആദിത്യ താക്കറെ നിയമസഭാ മന്ദിരത്തിലേക്ക് വരുമ്പോള്‍ മ്യാവൂ…എന്ന അഭിസംബോധനയോടെ വരവേറ്റ നിതേഷ് റാണെയെ കൊലപാതകക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം.
ഉദ്ദവ് താക്കറെയുടെ ഉറ്റശത്രവും കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ് എംഎല്‍എ കൂടിയായ നിതേഷ് റാണെ. ഒരാളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിതേഷ് റാണെയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് പൊലീസ് നിതേഷ് റാണെയെ വേട്ടയാടുന്നത്.
സിന്ധുദുര്‍ഗ് സെഷന്‍സ് കോടതിയില്‍ നിതേഷ് റാണെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നിതേഷ് റാണെയെയും സുഹൃത്ത് ഗോത്യാ സാവന്തിനെയും രാഷ്ട്രീയ ശത്രുത മൂലം കേസില്‍ കുടുക്കിയതാണെന്നും നിതേഷ് റാണെയുടെ അഭിഭാഷകന് വാദിച്ചു. ഇപ്പോള്‍ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിതേഷ് റാണെ. ജനവരി നാലിന് ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കും.
ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കങ്കാവില്‍ നാര്ദാവെ റോഡിലാണ് സംഭവം. രജിസ്റ്റേഡ് നമ്പര്‍പ്ലേറ്റില്ലാത്ത ഇന്നോവ കാര്‍ ഒരാളെ ഇടിച്ചിട്ടു. പിന്നീട് 50 അടിയോളം അദ്ദേഹത്തെ വലിച്ചുകൊണ്ടുപോയി. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ അപകടത്തില്‍പ്പെട്ടയാളുടെ നെഞ്ചില്‍ രണ്ടു തവണ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചു. ഇക്കാര്യം നിതേഷ് റാണെയെയും ഗോത്യാ സാവന്തിനെയും അറിയിക്കണമെന്ന് അക്രമി പറഞ്ഞതായി താന്‍ കേട്ടുവെന്ന് അപകടത്തില്‍പ്പെട്ടയാള്‍ പറഞ്ഞതായാണ് ആരോപ
ണം. അതുകൊണ്ട് ഈ ആക്രമണത്തിന് പിന്നില്‍ നിതേഷ് റാണെയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. വാഹനവും മൊബൈല്‍ ഫോണുകളും ആയുധവും ഏതാനും കുറ്റവാളികളെയും പൊലീസ് പിടികൂടി. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ നിതേഷ് റാണെയെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസിന്റെ വാദം.
അടുത്ത ദിവസം നടക്കാനിരിക്കുന്ന സിന്ധുദുര്‍ഗ് ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിന് തങ്ങളുടെ പാനലിന് വേണ്ടി പ്രചാരണം നടത്തുന്നത് തടയലാണ് ലക്ഷ്യമെന്ന് നിതേഷ് റാണെ ആരോപിക്കുന്നു. വാഹനാപകടത്തില്‍പ്പെട്ടയാളെ ശിവസേന നേതാക്കളായ സതീഷ് സാവന്തും വൈഭവ് നായിക്കും സന്ദര്‍ശിച്ചിരുന്നു. ഇതിനര്‍ത്ഥം രാഷ്ട്രീയപകപോക്കലാണെന്നാണ് നിതേഷ് റാണെ പറയുന്നത്.
റാണെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതേഷ് റാണെയുടെ വീട്ടിലേക്ക് ശിവസേന മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. നിതേഷ് റാണെയും അറസ്റ്റിലായവരും തമ്മില്‍ ഒരു വിധത്തിലുള്ള ഫോണ്‍ സംഭാഷണവും നടന്നില്ലെന്നും നിതേഷ് റാണെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: