ചെങ്ങന്നൂര്‍: പമ്പയാറ്റിലെ മിത്രപ്പുഴക്കടവില്‍ തൃപ്പൂത്താറാടി ചെങ്ങന്നൂര്‍ ദേവി. മലയാളവര്‍ഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഹംസവാഹനത്തിലാണ് ദേവിയെ ആറാട്ടിന് എഴുന്നള്ളിച്ചത്. പനിനീരും മഞ്ഞള്‍പ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു ദേവിക്ക് അഭിഷേകവും കരയില്‍ നിവേദ്യവും നടത്തി. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മോഹനരര് കാര്‍മികത്വം വഹിച്ചു. ആറാട്ടോടു കൂടി തിരികെ ഒന്‍പതു മണിയ്ക്ക് ക്ഷേത്രത്തില്‍ ഘോഷയാത്ര എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശ്രീപരമേശ്വരന് ആനപ്പുറത്തു എഴുന്നള്ളി ദേവിയെ സ്വീകരിച്ചു. പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നള്ളത്തും കളഭാഭിഷേകവും നടത്തി.
ആറാട്ട് കടവിലെയും ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ,താലപ്പൊലി വഴിപാടുകള്‍ ഒഴിവാക്കിയായിരുന്നു ഘോഷയാത്ര. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോള്‍ ശ്രീപരമേശ്വരന് ഋഷഭവാഹനത്തില്‍ എഴുന്നള്ളി ദേവിയെ സ്വീകരിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പടിഞ്ഞാറെ നടയില്‍ മാത്രമായാണ് നിറപറ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്.
ദേവസ്വം തിരുവാഭാരണ കമ്മിഷണര്‍ അജിത്ത്കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ ജി.ബൈജു, അസി.കമ്മിഷണര്‍ കെ.സൈനുരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.ജി പ്രകാശ്, ഉപദേശകസമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി കെ.കെ. വിനോദ്, ജനറല്‍ കണ്‍വീനര്‍ ഷൈജു വെളിയത്ത്, ഫൈനാന്‍സ് കണ്‍വീനര്‍ അജി ആര്.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: