കോട്ടയം: ചെറുപ്പകാലംതൊട്ടു യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. മഹാമാരിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞു സമൂഹം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കു സാമൂഹ്യസേവനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം വിദ്യാലയങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ 150ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. ഈ മഹാമാരിക്കാലം പിന്നിട്ടുകഴിഞ്ഞാല്‍, സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ സ്‌കൂളുകള്‍ കുറഞ്ഞത് രണ്ടു മൂന്നുവാരമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുമായി പങ്കുവയ്‌ക്കലിന്റെയും കരുതലിന്റെയും മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കുവയ്‌ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: