കൊളംബോ: കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിലൂടെ ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്പോള്‍ ശ്രീലങ്ക അതികഠിനമായ സാമ്പത്തിക, മാനുഷിക പ്രതിസന്ധിയില്‍ ഉഴലുന്നു. നാണ്യപ്പെരുപ്പം ഏറ്റവും ഉയരത്തിലെത്തി നില്ക്കവേ, 2022ല്‍ രാജ്യം കടക്കെണിയില്‍ കുടുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.
ദാരിദ്ര്യത്തിലേക്ക് വീണ് 5 ലക്ഷം പേര്
ഭക്ഷ്യവില കുത്തനെ ഉയരുകയാണ്. കോവിഡ് വ്യാപനം ശക്തമായതോടെ ശ്രീലങ്കയില്‍ അഞ്ച് ലക്ഷം പേര് ദാരിദ്ര്യത്തിലേക്ക് വീണതായി ലോകബാങ്ക് കണക്കാക്കിയിരുന്നു. കോവിഡ് 19 പ്രതിസന്ധിയും ടൂറിസത്തിന്റെ തകര്‍ച്ചയും കാരണമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണത്. പകരം വന്ന സര്‍ക്കാരിന്റെ ചെലവും നികുതിയിളവും രാദജ്യത്തിന്റെ വരുമാനത്തെ തകര്‍ത്തു. ചൈനയ്ക്കുള്ള ഭീമമായ കടമടയ്ക്കലും ബാധ്യതയായതോടെ വിദേശനാണ്യശേഖരം ഈ ഒരു ദശകത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
നാണ്യപ്പെരുപ്പം കൂടി; നട്ടെല്ലൊടിഞ്ഞ് ടൂറിസം
നാണ്യപ്പെരുപ്പം ഇപ്പോള്‍ 11.1 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതോടെ പല കുടുംബങ്ങളും നിത്യനിദാച്ചെലവ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. തുടര്‍ന്ന് രാജപക്സെ സാമ്പത്തിക അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അരിയും പഞ്ചസാരയും സര്‍ക്കാര്‍ നിരക്കില്‍ വിതരണം ചെയ്ത് തുടങ്ങി. എന്നാല്‍ ഇതൊന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായകരമായില്ല.
രണ്ട് ലക്ഷം പേര്‍ക്കാണ് ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലി നഷ്ടമായത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ടൂറിസം പാടെ തകര്‍ന്നു. പാസ്പോര്‍ട്ട് ഓഫീസില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ നീണ്ട നിരയാണ്.
ചൈനയ്ക്കുള്ള കടഭാരത്താല്‍ വലഞ്ഞ് ലങ്ക
ചൈനയ്ക്ക് നല്‍കേണ്ട കടഭാരം ശ്രീലങ്കയെ വലയ്ക്കുന്നു. ഇതിന് പുറമെ മറ്റ് വിദേശക്കടങ്ങളും ശ്രീലങ്കയെ തകര്‍ക്കുകയാണ്. ചൈനയ്ക്ക് മാത്രമായി 500 കോടി ഡോളര്‍ കടമാണുള്ളത്. ഇത് നികത്താന്‍ വീണ്ടും 100 കോടി ഡോളര്‍ കൂടി കടമെടുത്തു. ഇപ്പോള്‍ ശ്രീലങ്കയ്ക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 730 കോടി ഡോളര്‍ തിരിച്ചടയ്ക്കേണ്ടതുണ്ട്.
താല്‍ക്കാലി ആശ്വാസനടപടികളില്‍ അഭയം തേടിയിരിക്കുകയാണ്. ശ്രീലങ്ക ഇപ്പോള്‍. ഭക്ഷ്യസാധനങ്ങളും മരുന്നുകളും കടം വാങ്ങിക്കുന്നു. ഇന്ത്യയില്‍ നിന്നും ഇന്ധനം കടം വാങ്ങുന്നു. ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി കറന്‍സി കൈമാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ശ്രീലങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: