ന്യൂദല്‍ഹി: ഭീകരസംഘടന ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനില്‍ കീഴടങ്ങി ജയിലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. എട്ടാഴ്ചയ്ക്കകം എന്താണ് തീരുമാനം എന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിര്‍ദേശിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നല്കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ആയിഷയെയും മകളെയും പാര്‍പ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയില്‍ താലിബാന് തകര്‍ത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന് രഞ്ജിത്ത് മാരാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിനാല്‍ താലിബാനും അഫ്ഗാന് സൈന്യവും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തടവില്‍ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താലിബാന് പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതിനാല്‍ ഇനി ആ വാദം നിലനില്‍ക്കില്ല.
ആയിഷയുടെ മകള്‍ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോള്‍ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉള്ളതിനാല്‍ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസില്‍ ചേരുന്നതിനായി ഭര്‍ത്താവ് അബ്ദുള്‍ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇതേവര്‍ഷം ജൂലൈ പത്തിന് ആളെ കാണാനില്ലെന്ന പരാതി പിതാവ് പി ടി അബ്ദുള്ള കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഭീകരരെ ഒരു കാരണവശാലും ഇന്ത്യയില്‍ എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: