കോട്ടയം: വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ പദ്ധതിയുടെ എറണാകുളം മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കും വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്കും 35 കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പാക്കേജ് കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയീ മഠം അവതരിപ്പിച്ചത്.
അമൃതശ്രീ പദ്ധതി 17 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് ധനസഹായത്തിന് പുറമെ, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കേരളത്തിലുടനീളം വിതരണം ചെയ്യുമെന്നും മഠം അധികൃതര്‍ അറിയിച്ചു. തിരുനക്കര ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.
അര്‍ഹിക്കുന്ന ആളുകളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ അമൃതശ്രീ പദ്ധതിയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ അമൃതാനന്ദമയീമഠം ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കുമ്മനം രാജശേഖരന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, അമൃതശ്രീ കോ- ഓര്‍ഡിനേറ്റര്‍ രംഗനാഥന് എന്നിവര്‍ ആംശംസാ സന്ദേശങ്ങള്‍ നല്കി. സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്തി.
നിലവില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി 15,000 ത്തിലധികം സംഘങ്ങളും രണ്ടര ലക്ഷത്തിലധികം അംഗങ്ങളുമുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി അമൃതശ്രീ മാറിക്കഴിഞ്ഞു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത ശ്രീ പദ്ധതിയിലൂടെ 50 കോടി രൂപയാണ് മാതാ അമൃതാനന്ദമയീ മഠം ചെലവാക്കിയത്.
2020-ല്‍ കൊവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ അമൃതാനന്ദമയീ മഠം കേന്ദ്രത്തിനും
കേരളത്തിനുമായി 13 കോടിയോളം രൂപ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതിനു പുറമേ തൊഴില്‍രഹിതര്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍ക്കുമായി നിരവധി സാമ്പത്തിക സഹായങ്ങടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതോടെ, 2020ല്‍ കൊവിഡ് ആരംഭിച്ചതിന് ശേഷം നല്കിയ ആകെ സാമ്പത്തിക സഹായം 85 കോടി രൂപയോളമാകുമെന്നാണ് കണക്ക്. എല്ലാ വര്‍ഷവും അമൃതശ്രീ പദ്ധതിയുടെ വാര്‍ഷികത്തില്‍ മഠം 30,000 രൂപ ഓരോ സംഘങ്ങള്‍ക്കും നല്‍കാറുണ്ട്. അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ച് ലക്ഷത്തിലധികം സാരികളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: