കൊട്ടാരക്കര: കെ-റെയില്‍ എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എതിര്‍പ്പുകള്‍കണ്ടു പിന്മാറുന്നതല്ല പിണറായി സര്‍ക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോള്‍ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങള്‍ സി.പി.എം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. ഇതിനായി ബൃഹത്തായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എതിര്‍ക്കുന്നവരുടെയെല്ലാം മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കും. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കും’-അദ്ദേഹം പറഞ്ഞു.
അസാധ്യമായതിനെ സാധ്യമാക്കാന്‍ ലക്ഷ്യബോധത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തില്‍ ട്രെയിനുകള്‍ക്ക് വേഗം കുറവാണ്. രാജധാനി എക്സ്പ്രസ് മറ്റു സംസ്ഥാനങ്ങളില്‍ 102 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ കേരളത്തില്‍ 55 കിലോമീറ്ററാണ്. യു.ഡി.എഫ്. കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സില്‍വര്‍ലൈന്‍ കെ-റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകും’- കോടിയേരി പറഞ്ഞു.
‘എട്ടു സംസ്ഥാനങ്ങളില്‍ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിര്‍പ്പു കാരണം സില്‍വര്‍ലൈനിന് കേന്ദ്രം സഹായം നല്‍കുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ് നിസ്സഹായരായി ഇരുന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോള്‍ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പി.ക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് എതിര്‍പ്പും സമരവുമില്ലെന്നും കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: