ജേ്യാതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
(തിരുവോണം നാളുകാരെക്കുറിച്ച്)
മകരക്കൂറില്‍ വരുന്ന മുഴു നക്ഷത്രമാണ് തിരുവോണം. ദേവ ഗണനക്ഷത്രം, പുരുഷ നക്ഷത്രം തുടങ്ങിയ പ്രത്യേകതകളുണ്ട്. മകരം ശനിയുടെ രാശിയാണ്. ആകയാല്‍ ഇവരില്‍ ശനിയുടെ സ്വാധീനമുണ്ട്. നക്ഷത്രനാഥന് ചന്ദ്രനാണെന്നതിനാല് ശനിയുടെ മെല്ലപ്പോക്ക് നയത്തിനൊപ്പം ചന്ദ്രന്റെ വേഗഗതിയും ഇവരില്‍ കാണാം. ചിലപ്പോള്‍ അതൊരു സംഘര്‍ഷമായും മറ്റു ചിലപ്പോള്‍ അതൊരു സമന്വയമായും തിരുവോണം നാളുകാരില്‍ പ്രവര്‍ത്തിക്കുന്നു.
‘ശ്രവണം’ എന്ന പേരിലാണ് സംസ്കൃതത്തില്‍ തിരുവോണം വിളിക്കപ്പെടുന്നത്. ആ പദം ഓണമായും ‘തിരു’ എന്ന ശ്രേഷ്ഠ വിശേഷണം (തിരു+ഓണം) ചേര്‍ത്ത് തിരുവോണമായും മലയാളത്തില്‍ അറിയപ്പെട്ടു. തിരുവാതിര (തിരു+ആതിര) ഒരു ഉദാഹരണം.
ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര് ദേവതകളായി വരുന്ന നക്ഷത്രങ്ങളാണ് യഥാക്രമം രോഹിണിയും തിരുവോണവും അത്തവും. ഇവയെ ‘ത്രിമൂര്‍ത്തി’ നക്ഷത്രങ്ങള്‍ എന്ന് പറയുന്നു. ഇവ സൃഷ്ടി നക്ഷത്രങ്ങളുമാണ്. ഏതു രംഗമായാലും ഇവര്‍ക്ക് കഴിവ് തെളിയിക്കാനാവും. എല്ലായിടത്തും നേതൃപദവി ലഭിക്കും. ദേവന്മാരില് ത്രിമൂര്‍ത്തികള്‍ക്കുള്ള മഹിമയും സ്ഥാനോന്നതിയും മറ്റു നാളുകാര്‍ക്കിടയില്‍ ത്രിമൂര്‍ത്തി നാളുകാര്‍ക്കും കൈവരും.
മഹാവിഷ്ണു സ്ഥിതിയുടെ കാരകനാണ്. ഒരച്ഛന് മക്കളെ നോക്കുന്നതുപോലെ പാലനധര്മ്മം അദ്ദേഹത്തിന് നിര്‍വഹിക്കണം. പരിരക്ഷയും പ്രതിരോധവും നിറവേറ്റുമ്പോള്‍ ശത്രുക്ഷയവും വരുത്തേണ്ടതായി വരും. ഈ നാളില്‍ ജനിക്കുന്നവര്‍ക്കെല്ലാം ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ മാനുഷിക തലത്തില്‍ അഭിമുഖീകരിക്കേണ്ടതായുണ്ട്. കുടുംബപരമായ കടമകളും ഔദ്യോഗിക ചുമതലകളും ഏറെ ഭാരിച്ച ദൗത്യങ്ങളായി മാറും. എന്നാല്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇവര്‍ക്കാവും കര്‍മ്മരംഗത്ത് നിന്നും പലായനം ചെയ്യാനോ പരാങ്മുഖത്വം കാട്ടാനോ മുതിരില്ല. ശത്രുവിന്റെ ശക്തി ഇവരെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നത്.
പൊതുവേ തിരുവോണം നാളുകാര്‍ നീതിയുടെ പക്ഷത്ത് നില്ക്കും. എന്നിരുന്നാലും ആശ്രിതവാത്സല്യം കൂടുതലാണ്. അത് സ്വജനപക്ഷപാതമായി നിറം മാറാനും ഇടയുണ്ട്. മകരം രാശിയുടെ ഫലം പറയുമ്പോള്‍ വരാഹമിഹിരന് ‘നിത്യം ലാളയതി സ്വദാരതനയാന്‍’ എന്ന വാക്യം/ വിശേഷണം എഴുതിയിട്ടുണ്ട്. സ്വന്തം ഭാര്യാസന്താനങ്ങളെ ഇവരെന്നും ലാളിക്കുന്നു എന്നാണ് അതിന്റെ ആശയം. കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മരുടെ ഉദ്ദാമമായ വിക്രമം പാണ്ഡവന്മാരെ തോല്‍വിയുടെ വക്കിലേക്ക് നയിക്കുന്നതു കണ്ടപ്പോള്‍ ആയുധമെടുക്കില്ല എന്ന സ്വന്തം പ്രതിജ്ഞ ഭഗവാന് ശ്രീകൃഷ്ണന് ലംഘിക്കേണ്ടി വരികയാണ്. അദ്ദേഹം സായുധപാണിയായി ഭീഷ്മപിതാമഹനു നേരെ പാഞ്ഞണഞ്ഞു. അര്‍ജുനനോടുള്ള ഭഗവാന്റെ വാത്സല്യമാവാം ഇതിന്റെ പ്രേരണ. ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ മാനുഷിക പരിധികളോടെ തിരുവോണം നാളുകാരുടെ ജീവിതത്തിലും അരങ്ങേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: