ജോഹന്നസ്ബര്‍ഗ്: വിദേശമണ്ണിലെ ഇന്ത്യയുടെ ഹോം ഗ്രൗണ്ടാണ് ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയം. ഈ സുരക്ഷിത താവളത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റു തോറ്റിട്ടില്ല. പരാജയമറിയാത്ത ഈ പിച്ചില്‍ ചരിത്രമെഴുതാമെന്ന മോഹവുമായി കോഹ്ലിപ്പട ഇറങ്ങുകയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ന് വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ജയിച്ചാല്‍ ഇതാദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാകും. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.
വാണ്ടറേഴ്സില്‍ തോല്‍വിയറിയാത്ത ഇന്ത്യ രണ്ടാം ടെസ്റ്റില്‍ അനായാസ വിജയം നേടുമെന്നാണ് പ്രതീക്ഷ. കാരണം തോല്‍വിയറിയാത്ത റെക്കോഡ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രചോദനമാകും. കൂടാതെ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീം ദുര്‍ബലമാണ്. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡികോക്ക് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിനുശേഷം വിരമിച്ചത് ദക്ഷിണാഫ്രിക്കയെ തീര്‍ത്തും ദുര്‍ബലമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തരായ പേസ് നിരയെ അതിജീവിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്ക്ക് കഴിയുമോയെന്ന് കണ്ടറിയണം.
കഗിസോ റബഡയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ടീമിന്റെ ഭാരം മുഴുവന്‍ ഈ പേസറുടെ ചുമലിലാണ്. ലുങ്കി എന്‍ഗിഡിയും മികച്ചത് തന്നെ. എന്നാല്‍ ഡികോക്കിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ കാര്യങ്ങള്‍ കൂടുല്‍ വഷളാക്കി. ഇരുപത്തിയഞ്ചുകാരനായ വിക്കറ്റ് കീപ്പര്‍ റയാന് റിക്കിള്ട്ടണ് ഡികോക്കിന് പകരം ടീമിലെത്തും. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം കളിച്ചു പരിചയമുള്ള റിക്കിള്ടണിന് അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയേയും മുഹമ്മദ് ഷമിയേയും നേരിട്ട് റണ്‍സ് നേടാന്‍ ആയാസപ്പെടേണ്ടിവരും. ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ വിയാന്‍ മുള്‍ഡര്‍ക്ക് പകരം പേസര്‍ ഡുവാനെ ഒലീവര്‍ ടീമിലെത്തും. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ്നിരയെ മെരുക്കാന്‍ ഒലീവറിന് കഴിഞ്ഞെന്നുവരില്ല.
രണ്ട് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാത്ത വിരാട് കോഹ്ലിക്ക് വാണ്ടറേഴ്സില്‍ ഒരു ടെസ്റ്റ് വിജയം കരുത്തു പകരുമെന്ന് ഉറപ്പാണ്. ബാറ്റിങ് മോശമാണെങ്കിലും മികച്ച ക്യാപ്റ്റന്‍സിയാണ് കോഹ്ലി കാഴ്ചവയ്ക്കുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഷാര്‍ദുല്‍ താക്കുറിന് പകരം പേസര്‍ ഉമേഷ് യാദവിനെ കൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. കാരണം വാണ്ടറേഴ്സിലെ പിച്ച് പേസിന് അനുകൂലമാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്നു. എന്നിരുന്നാലും ഇവരെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: