അഞ്ച് വര്‍ഷം കൂടി ഭരിക്കാന്‍ അവസരം ലഭിച്ചത് കൂടുതല്‍ ഏകാധിപതിയായി വാഴാനുള്ള അനുമതിയാണെന്ന ധാരണയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഇതനുസരിച്ച് തികച്ചും ഏകപക്ഷീയമായി ഓരോ കാര്യങ്ങള്‍ തീരുമാനിക്കുകയും, എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചും ഭീഷണി മുഴക്കിയും അവയൊക്കെ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയുമാണ്. ഇതിനെ ജനകീയ പക്ഷത്തുനിന്ന് എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതിപക്ഷത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ്സ്, സിപിഎമ്മിന്റെ ബി ടീമായി മാറി പിണറായി സര്‍ക്കാരിന് വിടുപണി ചെയ്യുന്ന നിലയിലേക്ക് നീങ്ങുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണത്തെ മാനിക്കാതെ പാര്‍ട്ടി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഭരണഘടനാപദവിയുടെ പരിമിതികളില്‍ ഒതുങ്ങിനിന്നു കൊണ്ടുതന്നെ തുറന്നടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും കണ്ണിലെ കരടായിരിക്കുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ പദവി രാജിവച്ച താന്‍ അത് ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ ആദര്‍ശാത്മക നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഭരണകക്ഷിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം കണക്കിലെടുത്ത് പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്ന മനോഭാവമാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇവരോട് ഐക്യം പ്രഖ്യാപിക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കാത്തത് നിയമവിരുദ്ധമാണെന്നു കണ്ടുപിടിച്ച് സര്‍ക്കാരിനെ വെള്ളപൂശുകയാണ് സതീശന്. ഇതിന് ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്.
കേരളത്തില്‍ എതിര്‍പ്പ് ഭാവിക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ് സിപിഎം. ബിജെപിയുടെ മുന്നേറ്റത്തില്‍ രാഷ്ട്രീയ നിലനില്‍പ്പുപോലും അപകടത്തിലായ ഇരുപാര്‍ട്ടികള്‍ക്കും ഇങ്ങനെ ഒന്നിക്കാതെ തരമില്ല. മുന്‍കാലത്ത് രഹസ്യസഖ്യമായിരുന്നെങ്കില് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നതോടെ ഇരുപാര്‍ട്ടികളും പരസ്യമായി സഖ്യത്തിലേര്‍പ്പെടുകയാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാടു മുതല്‍ അങ്ങു ദൂരെ ബീഹാറും പശ്ചിമബംഗാളുമടക്കം ഈ സഖ്യത്തിന് വേദിയാവുകയുണ്ടായി. എവിടെയൊക്കെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന ഭരണസഖ്യമുണ്ടോ അവിടങ്ങളിലൊക്കെ സിപിഎമ്മും ഒപ്പമുണ്ട്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമൊക്കെ കോണ്‍ഗ്രസ്സിന് വിടുപണി ചെയ്യുന്നതില്‍ സിപിഎം നേതൃത്വം അനല്‍പ്പമായ ആനന്ദം അനുഭവിക്കുകയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിച്ച്, അതിന് കഴിയാതെ പോയതിന്റെ നിരാശയുണ്ടെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ കഴിയുംവിധമൊക്കെ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ജനത പണ്ടേക്കു പണ്ടേ പടിയടച്ച് പിണ്ഡം വച്ചതിനാല്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യത്തില്‍ ഇത്തരം വേവലാതിയൊന്നും യെച്ചൂരിക്കില്ല. തീര്‍ച്ചയായും പാര്‍ട്ടിക്ക് ഭരണമുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തിലും കോണ്‍ഗ്രസ്സുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷിക്കുന്ന വ്യക്തിയുമായിരിക്കും യെച്ചൂരി.
ജനവിരുദ്ധമായ കെ-റെയില്‍ പദ്ധതിയെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്ന് ഭാവിക്കുമ്പോഴും ഒത്തുകളികള്‍ക്കുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സിലുണ്ട്. പദ്ധതിയെക്കുറിച്ച് ഡിപിആര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയാണ്. ഇപ്പോഴിതാ കേരള സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സര്‍ക്കാരിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി സിന്‍ഡിക്കേറ്റില്‍ വയ്ക്കാതെ കേരള സര്‍വകലാശാലാ വിസി നിരാകരിച്ച നടപടിയേയും സതീശന് അനുകൂലിച്ചിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രഥമ പൗരനെ ആദരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം മാനിക്കാതിരുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി രംഗത്തുവന്നപ്പോഴാണ് സതീശന് ദുര്‍മുഖം കാണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായി വാഴുന്ന തനിക്ക് ലഭിക്കാത്ത ഒരു വിവരം ചെന്നിത്തലയ്ക്ക് ലഭിച്ചതിന്റെ ഈര്‍ഷ്യയും സതീശന് ഉണ്ടാവാം. അതു പക്ഷേ രാഷ്ട്രപതിയെ നിന്ദിക്കുന്ന രീതിയിലേക്ക് തരംതാഴാന്‍ പാടില്ലായിരുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേരള സര്‍വകലാശാലയും സര്‍ക്കാരും മഹാപരാധമാണ് ചെയ്തിരിക്കുന്നത്. അര്ഹതയില്ലാത്തവരെപ്പോലും ആനയിച്ചുകൊണ്ടുവന്ന് ആദരിക്കുന്നവര്‍ രാഷ്ട്രപതിയുടെ കാര്യത്തില്‍ മുഖംതിരിച്ചത് ഭരണഘടനയെത്തന്നെ അവഹേളിക്കലാണ്. ഇതു ചെയ്യുന്നവര്‍ക്കൊപ്പം നിന്ന് ഗവര്‍ണറെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് ആരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആരിഫ്ഖാനെ എതിര്‍ത്ത് മുസ്ലിം മതമൗലികവാദികളെയും, സിപിഎമ്മിന്റെ സര്‍ക്കാരിനെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെയും പ്രീതിപ്പെടുത്താനുള്ള ശ്രമം ലജ്ജാവഹമെന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: