ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും ലഭിച്ച എസ് 400 ട്രയംഫ് മിസൈല്‍ എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം പഞ്ചാബില്‍ സ്ഥാപിച്ച് ഇന്ത്യ. പഞ്ചാബിലായതിനാല്‍ പാകിസ്ഥാനും ചൈനയും ഇന്ത്യയ്ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്ധത്തില് ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനത്തിന് സാധിക്കും. ദക്ഷിണേഷ്യന്‍ മേഖലയില്‍ പ്രതിരോധമേഖലയില്‍ കരുത്തുറ്റ ശക്തിയായി ഇതോടെ ഇന്ത്യ മാറുകയാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് കേന്ദ്രങ്ങളില്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഒന്നിലാണ് എസ് 400 ട്രയംഫ് മിസൈല്‍ സ്ഥാപിച്ചിരിക്കുന്നത്. മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് റഷ്യയില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ സൈനികരാണ് എസ് 400 പ്രവര്‍ത്തിപ്പിക്കുക. 2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാന യൂണിറ്റുകള്‍ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതിന്റെ ഭാഗമായി എത്തിയ ആദ്യത്തെ യൂണിറ്റാണ് ഇത്. 40,000 കോടി രൂപ ചെലവിലാണ് അഞ്ച് എസ് 400 ട്രയംഫുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. 2023നകം അഞ്ച് യൂണിറ്റുകളും ഇന്ത്യയില്‍ എത്തും.
എന്തായാലും പഞ്ചാബില്‍ ആദ്യ എസ് 400 യൂണിറ്റ് സ്ഥാപിച്ചതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുകൂടുകയാണ്. കാരണം 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നശിപ്പിക്കാന്‍ എസ് 400ന് സാധിക്കും. ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്. ഇവയ്ക്ക് 600 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള കഴിവുണ്ട്. ഇതോടെ അതിര്‍ത്തിമേഖലകളില്‍ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ കണ്ടെത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മിസൈലായാലും യുദ്ധവിമാനമായാലും ഡ്രോണായാലും അതിനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്ത് എസ്400 അതിനെ ചാരമാക്കും. ആക്രമണത്തിനല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്, ചൈന അതിര്‍ത്തിയില്‍ നിന്നും ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള കഴിവ് എസ് 400നുണ്ട്.
അടുത്ത എസ് 400 ട്രയംഫ് മിസൈലുകള്‍ എത്തിയാല്‍ അത് ചൈനയെ ലക്ഷ്യമാക്കി വടക്ക്, കഴിക്ക് അതിര്‍ത്തികളില്‍ സജ്ജീകരിക്കാനാണ് പദ്ധതി. പാകിസ്ഥാന് വ്യോമാക്രമണത്തില്‍ പ്രധാനമായ അമേരിക്ക നിര്‍മ്മിച്ച് എഫ്16 യുദ്ധവിമാനത്തെ തകര്‍ക്കാന്‍ എസ് 400നാകും. ശത്രുസേനകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെല്‍ത് സ്വഭാവമുള്ള അമേരിക്കന്‍ നിര്‍മ്മിത എഫ് 35നെ വരെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിനാകും.
ചൈന റഷ്യയുടെ കയ്യില്‍ നിന്നും 2014ല്‍ ആറ് എസ്400 മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്. ചൈന ഈ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ചിലത് കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയ്ക്കെതിരെ തിരിച്ചുവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: