കോട്ടയം: കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് രോഗിയുമായി വന്ന ആംബുലന്‍സ് അമിതകൂലി വാങ്ങിയതായി പരാതി. ആലപ്പുഴ കലവൂര്‍, ബി ഐ ഒ സി ഹെല്‍ത്ത് കെയര്‍ എന്ന ഐസിയു ആംബുലന്‍സ് ഡ്രൈവറാണ് അമിതകൂലി വാങ്ങിയത്.
കോഴഞ്ചേരിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചേരുന്നതിന് 4000 രൂപയാണ് സാധാരണയായി വാങ്ങുന്നത്. എന്നാല്‍ ഇവര്‍ 8000 രൂപ വാങ്ങി അതിന്റെ ബില്‍ നല്‍കുകയും ചെയ്തു. പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 1000 രൂപ തിരികെ നല്കി. കോഴഞ്ചേരി സ്വദേശിനിയായ 28 കാരിയെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്.
എട്ടു മാസം ഗര്‍ഭിണിയായ യുവതിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലായതിനെ തുടര്‍ന്നാണ് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഐസിയു സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സ് ആയിരുന്നുവെങ്കിലും യുവതിക്ക് ഐസിയുവിന്റെ ആവശ്യമില്ലാതിരുന്നതിനാല്‍ ഐസിയു പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ഐസിയുവുള്ള ആംബുലന്‍സ് ആയിരുന്നാലും 5000 രൂപയില്‍ കുടുതല്‍ വാങ്ങുവാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഭാരവാഹികള്‍ പറയുന്നു. സാധാരണക്കാരായ രോഗികളെ പിഴിയുന്ന ഇത്തരം ആംബുലന്‍സ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: