തൃശ്ശൂര്‍: വൈറ്റ്കോളര്‍ ജോലിയ്ക്കായി മാത്രം കാത്തിരിക്കുന്ന യുവാക്കളില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കെ.എസ് വിഷ്ണു (36) എന്ന എന്‍ജിനിയറിങ് ബിരുദധാരി. തൃശ്ശൂര്‍ നഗരത്തില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും സൈക്കിളില്‍ വിറ്റാണ് ഈ യുവാവ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്.
അന്തിക്കാട് താന്ന്യം സ്വദേശിയായ വിഷ്ണു വര്‍ഷങ്ങളായി ഒറ്റയ്ക്കാണ്. കട ബാധ്യതയെ തുടര്‍ന്ന് 2010ലെ പുതുവര്‍ഷദിനത്തിലാണ് വിഷ്ണുവിന്റെ അച്ഛന് സത്യശീലന് നാടുവിട്ടുപോയത് . അച്ഛന് നാടുവിട്ടശേഷം സൈക്കിളില്‍ കാപ്പിവിറ്റും തെരുവില്‍ കിടന്നുറങ്ങിയുമായിരുന്നു വിഷ്ണുവിന്റെ ജീവിതം.
പകല്‍ ഹോട്ടലുകളിലും ജോലി ചെയ്തു. വ്യോമസേനയില്‍നിന്ന് വിരമിച്ച സത്യശീലന് തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ചിട്ടി കമ്പനിയിലെ ജോലിയ്ക്ക് ശേഷം എറണാകുളം കലൂരില്‍ ഐടി കമ്പനി ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് വിഷ്ണു പറയുന്നു. തമിഴ്നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠനത്തിനിടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ വിഷ്ണു അറിഞ്ഞില്ല. കുടുംബ തകര്‍ച്ചയെ തുടര്‍ന്ന് അമ്മ അത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരി വീട്ടുകാരുമായി പിണങ്ങി പോയി.
2005-ല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവര്‍ഷം കോയമ്പത്തൂരില്‍ ജോലി ചെയ്തു. 2009ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും വീടും പറമ്പും ജപ്തി ചെയ്യാറായിരുന്നു. പാപ്പരായി വീട് ജപ്തിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് സത്യശീലന് നാടുവിട്ടത്. അച്ഛന് കൂടി ഉപേക്ഷിച്ച് പോയതോടെ എന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന വിഷ്ണുവിന് നാട്ടുകാരിലൊരാള്‍ സഹായമായി എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ പഴയൊരു സൈക്കിളും ചെറിയ കെറ്റിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് വിഷ്ണുവിന്റെ ജീവിതം മാറി മറിയുന്നത്.
2013ല്‍ വീണ്ടും കോയമ്പത്തൂരിലെത്തി ബഹുരാഷ്ട്രകമ്പനിയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തെങ്കിലും പിന്നീട് രാജിവെച്ച് നാട്ടിലേക്ക് തിരിച്ചെത്തി വീണ്ടും ചുക്ക് കാപ്പി വില്‍പ്പന ആരംഭിച്ചു. ചെമ്പുക്കാവില്‍ വാടക ഫളാറ്റിലാണ് വിഷ്ണു ഇപ്പോള്‍ താമസിക്കുന്നത്. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. ചെറിയ കെറ്റിലും സൈക്കിളുമായി വൈകീട്ട് ഏഴുമുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ സൈക്കിളില്‍ കറങ്ങി വില്‍പ്പന നടത്തും. വെളുപ്പിന് നാലിനെത്തി ഉറങ്ങും.
12 വര്‍ഷം മുമ്പ് നല്കിയ അതേ സൈക്കിളും കെറ്റിലുമാണ് ഇപ്പോഴും വിഷ്ണുവിന്റെ പക്കലുള്ളത്. ഹ്രസ്വചിത്രങ്ങളില്‍ സംവിധായകനും സഹായിയും കലാസംവിധായകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ഫ്ളാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രരചനയിലും വിഷ്ണു കഴിവ് തെളിയിച്ചിട്ടുണ്ട്. താന്‍ വരച്ച പെയിന്റിങ്ങുകള്‍ക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. ഡിസൈനിങ് ചെയ്ത് നല്കുന്ന വിഷ്ണുവിന് സ്വന്തം യൂട്യൂബ് ചാനലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: