എരുമേലി: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലികാളകെട്ടി പാത തുറന്നു.വെള്ളിയാഴ്ച രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കുന്ന കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്ന് നല്കി.
ശബരിമല തീര്‍ഥാടകരുടെയും അയ്യപ്പ വിശ്വാസികളുടെയും വലിയ ആഗ്രഹമാണ് നടപ്പാകുന്നതെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തവര്‍ക്ക് പോകാനാകും. സ്പോട്ട് ബുക്കിങിനുള്ള സൗകര്യവും ഉപയോഗിക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ ശബരിമല എഡിഎം അര്ജുന് പാണ്ഡ്യന്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എന്‍. തങ്കപ്പന്, അഡ്വ. മനോജ് ചരളേല്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എ. അജിത് കുമാര്‍, ഡപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ്. ബൈജു, അസി. കമ്മീഷണര്‍ ആര്.എസ്. ഉണ്ണികൃഷ്ണന്, അസി. എന്‍ജിനീയര്‍ വിജയമോഹന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.പി. സതീഷ് കുമാര്‍, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. ജയകുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.ബി. ജയന് എന്നിവര്‍ പങ്കെടുത്തു. ശബരിമല എഡിഎമ്മിനേയും, എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: