പാലക്കാട്: സ്ത്രീകള്‍ തങ്ങളുടെ ശക്തി തിരിച്ചെറിഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങിചെല്ലണമെന്നും ലീഗല്‍ റൈറ്റ്സ് കൗണ്‍സില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാജലക്ഷ്മി മന്ദ അഭിപ്രായപ്പെട്ടു.എല്‍ആര്‍സി കാശ്മീരില്‍ നിന്നും ആരംഭിച്ച പിങ്ക് അയേണ്‍ റാലിയായ സ്ത്രീ ജാഗരണ ജാഥക്ക് ജില്ലാ യോഗാ അസോസിയേഷന് പാലക്കാട്ട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസം, ജോലി എന്നിവയോടൊപ്പം തന്നെ സമൂഹ പുരോഗതിയും അനിവാര്യമാണ്. ശക്തിയും സരസ്വതിയും ലക്ഷ്മിയും സ്ത്രീയാണ്. വിശാലമായ ലോകത്തില്‍ ക്ഷണികമായ ജീവിതത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്ന് അവര്‍ പറഞ്ഞു. ആത്മവിശ്വാസം വളര്‍ത്തിയെടുത്താല്‍ സ്ത്രീകള്‍ക്ക് ചെയ്യുവാന്‍ കഴിയാത്ത യാതൊന്നുമില്ല. ശക്തി മനസ്സിലാക്കി മുന്നോട്ട് പോകുവാന്‍ അവര്‍ ആഹ്വാനം ചെയ്തു.
വിലയേറിയ സമയത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും സംഘടന അഖിലേന്ത്യാ പ്രസിഡന്റ് മദന്‍കുമാര്‍ പറഞ്ഞു.
സേവനം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണ്. പിന്നിട് അത് തെരുവുകളിലേക്കും ഗ്രാമങ്ങളിലേക്കും , പഞ്ചായത്തിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ യോഗാ അസോസിയേഷന് പ്രസിഡന്റ് കെ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി അഖിലേന്ത്യാ സെക്രട്ടറി രാമചന്ദ്രന് റെഡ്ഡി, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് പി.സുബ്രഹ്മണ്യന്, രാഷ്ട്രസേവികാ സമിതി വ്യവസ്ഥ പ്രമുഖ് അശ്വതി മണികണ്ഠന്, വി.സജീന്ദ്രന്, വിളയോടി അശോകന്,യോഗാ അസോസിയേഷന് സെക്രട്ടറി പി.രഘുനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: