ഷൊര്‍ണൂര്‍: നെല്‍ പാടങ്ങളില്‍ സ്ഥിരമായി വാഴത്തോട്ടം കര്‍ഷകര്‍ക്ക് വിനയാവുന്നു. വാഴത്തോട്ടങ്ങള്‍ക്ക് അപ്പുറമുള്ള പാടങ്ങളിലേക്ക് കാര്‍ഷിക യന്ത്രങ്ങള്‍ കൊണ്ടുപോകാനാവാതെ നിലം ഉഴലും, നടീലും, വരെ നടത്താനാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
മുണ്ടായ പാടശേഖരത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ഇത്തരം വാഴത്തോട്ടങ്ങള്‍ ഉള്ളത്. നെല്‍ പാടങ്ങളില്‍ സ്ഥിരമായി വാഴ കൃഷി നടത്തുന്നതിന് കാര്‍ഷിക നിയമം അനുവദിക്കുന്നില്ല. ഒരു വര്‍ഷം വാഴ വെച്ചാല്‍ അടുത്ത വര്‍ഷം നെല്‍കൃഷി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ചില ഭൂമാഫിയകള്‍ വയല്‍ പരിവര്‍ത്തനം ചെയ്യുന്നതിനായാണ് ഇത്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പാടശേഖരസമിതികള്‍ ആരോപിച്ചു.
പ്രദേശത്തുകാരല്ലാത്ത ചില ഭൂ ഉടമകളാണ് ഇത്തരത്തില്‍ സ്ഥിരമായി നെല്‍ പാടങ്ങളില്‍ വാഴ കൃഷി നടത്തുന്നത്. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളിലെ നെല്‍വയലുകള്‍ പാട്ടത്തിനെടുത്തോ സ്വന്തമാക്കിയോ ആണ് ഇത്തരം പരിവര്‍ത്തനം നടത്തുന്നത്. മാത്രമല്ല വേലി വെട്ടി വേര്‍തിരിക്കുന്നത് മൂലം വഴിയാത്രക്കാരുടെ നടവഴി അടച്ചിരിക്കുന്ന സ്ഥിതിയാണ്. മാത്രമല്ല കനാലുകളും, തോടുകളും, പൊതു യിടങ്ങളും വരെ ഇതിന്റെ മറവില്‍ അടച്ചുകെട്ടുകയാണ്. ഇതുമൂലം ജനങ്ങള്‍ക്ക് പുഴയിലേക്ക് ഇറങ്ങുന്നതിനോ കന്നുകാലികളെ മേയ്ക്കുന്നതിനോ കഴിയുന്നില്ല.
വാഴത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്ന മാരക കീടനാശിനി അടങ്ങിയ വെള്ളം പുഴയിലേക്ക് ഒലിച്ചിറങ്ങുന്നതും ഗുരുതരമായ പ്രശ്നമാണ്. ആളുകള്‍ കുളിക്കാനിറങ്ങുന്നതും, കുടിവെള്ള പദ്ധതികളും ഈ മേഖലയിലാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. വര്‍ഷങ്ങളായി നെല്‍പ്പാടങ്ങളില്‍ വാഴ മാത്രം കൃഷി ചെയ്യുന്നത് ഷൊര്‍ണൂരിലെ കൃഷി ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും പറയുന്നു. കാലക്രമേണ നെല്‍ പാടങ്ങള്‍ കരഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: