കാട്ടിക്കുളം: കടുവ ആക്രമണത്തില്‍ പശുക്കിടാവ് ചത്ത സംഭവത്തില്‍ റോഡ് ഉപരോധസമരം നടത്തിയതിന്റെ പേരില്‍ മുനിസിപ്പല്‍ ചെയര്‍മാനും ഏഴ് കൗണ്‍സിലര്‍മാരുമടക്കം ഇരുപത് പേര്‍ക്കെതിരെ കേസ്സെടുത്തു. കേസെടുത്തവര്‍ക്കെല്ലാം പോലീസ് നോട്ടീസും നല്‍കി.
കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി കടുവ ആക്രമണമുണ്ടാവുകയും നിരവധി വന്യമൃഗങ്ങളെ കൊല്ലുകയും ചെയ്തിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് കാട്ടിക്കുളം മേലേ 54 ല്‍ റോഡ് ഉപരോധസമരം നടത്തിയത്. കടുവ ആക്രമണത്തില്‍ പരിക്കേറ്റ പശുക്കിടാവിനെ മാനന്തവാടി മൈസൂര്‍ റോഡില്‍ കിടത്തിയാണ് നാട്ടുകാര്‍ റോഡ് ഉപരോധസമരം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ്, ലേഖ രാജീവന്‍, സ്മിത കെ.പി.ആ ലിസ്, ഷിബു ജോര്‍ജ്, ബെന്നി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് വാളാട്, എന്നിവരടക്കം ഇരുപത് പേര്‍ക്കെതിരെയാണ് തിരുനെല്ലി പോലീസ് കേസ്സെടുത്തത്. കേരള എപ്പിഡിമിക് ഡിസീസ് ആക്ട് അടക്കം, മറ്റ് നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിട്ടുള്ളത്.
20 പേര്‍ക്കും പോലീസ് നോട്ടീസ് കൊടുത്തു കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കടുവ ആക്രമണത്തില്‍ പരിക്കേറ്റ നാരിയേലില്‍ അജി ജേക്കബിന്റെ പശുവിനെയും കൊണ്ട് റോഡ് ഉപരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: