ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പോലീസ് ബസിന് നേരെ ആക്രമണം നടത്തിയ ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയ്ഷ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്രീനഗറില്‍ പന്താചൗക്കില്‍ രാത്രിയോടെയാണ് ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതില്‍ മൂന്ന് പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിസംബര്‍ 13നാണ് സേവാനിലെ പോലീസ് ബസിനു നേരെ ആക്രമണമുണ്ടായത്. ഇതില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുഹൈല്എന്നയാളാണ് പന്താചൗക്കിലെ ഏറ്റുമുട്ടലില്‍ കൊലപ്പെട്ട ഭീകരരില്‍ ഒരാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഏറ്റുമുട്ടലോടെ ജമ്മു കശ്മീര്‍ പോലീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം അനന്ത്നാഗിലും കുല്‍ഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ രണ്ടുപേര്‍ പാക്കിസ്ഥാന് പൗരന്മാരാണ്. മൂന്ന് പേരേക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഒമ്പതായി. സേവാനില്‍ പോലീസ് ബസിനു നേര്‍ക്ക് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ക്ക് ജീവന് നഷ്ടപ്പെട്ടതു കൂടാതെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: