മുംബൈ : പുതുവര്‍ഷാഘോഷത്തിനിടെ മുംബൈ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ്. ആഘോഷങ്ങളുടെ മറവില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് താക്കീത്. ഇതിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ സുരക്ഷ കടുപ്പിച്ചു.
മുന്‍ കരുതലിന്റെ ഭാഗമായി അവധിയില്‍ ആയിരുന്ന സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരോടെല്ലാം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്കി. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകളിലായി മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പുതുവത്സര പരിപാടികള്‍ക്കെല്ലാം നേരത്തെ തന്നെ മുംബൈയില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെയുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ തുറന്നതോ അടച്ചിട്ടതോ ആയ ഒരിടത്തും കൂടിച്ചേരലുകള്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
നേരത്തെ ലുധിയാന കോടതിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണ് പുതുവത്സരത്തിന് മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: