പ്രതീക്ഷിച്ചതിന് വിപരീതമായി ഈ പുതുവത്‌സര ദിനത്തിലും ആഘോഷിക്കാനും ആഹഌദിക്കാനുമുള്ള അവസരം ലോകമെമ്പാടും ജനങ്ങള്‍ക്ക് പരിമിതപ്പെട്ടിരിക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ അവസാനിക്കുകയാണെന്നും, ഈ മഹാമാരിയില്‍നിന്ന് മാനവരാശി മോചനം നേടുകയാണെന്നുമുള്ള ആശ്വാസ നെടുവീര്‍പ്പുകള്‍ക്കിടയിലാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകജനതയ്‌ക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാന്‍സിലുമൊക്കെ ഒമിക്രോണ്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആ രാജ്യങ്ങളുടെ ഭരണനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ ആഗോളതലത്തില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പ്രതിദിനം ഒന്‍പത് ലക്ഷം എത്തിയത് വലിയ ആശങ്കയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന 2020 മാര്‍ച്ചില്‍ കൊവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതിനുശേഷം രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന ഏറ്റവും വലിയ കുതിപ്പാണിത്. ഇതോടെ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണവും, പരിശോധനകളുടെ എണ്ണവും വീണ്ടും വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഡെല്‍റ്റ-ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന് ഒരു കൊവിഡ് സുനാമിതന്നെയാണ് ആഞ്ഞടിക്കാന്‍ പോകുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് ലോകരാജ്യങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികളില്‍ സമ്മര്‍ദ്ദമേറുകയും ചെയ്തിരിക്കുന്നു.
ഇതിനു മുന്‍പുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും വ്യാപനശേഷി വളരെയധികമായിരിക്കുമെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. ആശുപത്രികള്‍ രോഗബാധിതരെക്കൊണ്ട് നിറയും. ഒമിക്രോണ്‍ വൈറസിന്റെ അതിദ്രുത വ്യാപനം ഇന്ത്യയ്‌ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മഹാരാഷ്‌ട്രയിലും രാജസ്ഥാനിലും ദല്‍ഹിയിലും പ്രതിദിന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നത് സാമൂഹ്യവ്യാപനംകൊണ്ടാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിദേശയാത്രകള്‍ ചെയ്യാത്തവരും, രോഗികളുമായി ഒരുതരത്തിലുള്ള ബന്ധമില്ലാത്തവരും വൈറസ് ബാധിതരാവുന്നു എന്നതാണ് ഇതിന് കാരണം. മുംബൈ മഹാനഗരമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. രാജ്യത്ത് ആകെയുള്ള ഒമിക്രോണ്‍ ബാധിതരുടെ 52 ശതമാനവും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലുമാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇവിടെ രോഗബാധിതരുടെ എണ്ണം കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റിച്ചിരുന്നു. രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയര്‍ന്നപ്പോഴും സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അന്ന് വിലയിരുത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഒമിക്രോണിന്റെ കാര്യത്തില്‍ തുടക്കത്തില്‍ത്തന്നെ ഇങ്ങനെയൊരു സംശയം ഉയര്‍ന്നിരിക്കുന്നത് ഗൗരവത്തിലെടുക്കണം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ മാറ്റിവയ്‌ക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുള്ളതിലെ രാഷ്‌ട്രീയം കാണാതെ പോകരുത്. പരാജയഭീതി പൂണ്ട രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇതിനു പിന്നില്‍.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും, അലസത പാടില്ലെന്നും ഏറ്റവും പുതിയ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സ്വയം ബോധവല്‍ക്കരണവും ഓരോരുത്തര്‍ പുലര്‍ത്തുന്ന അച്ചടക്കവുമാണ് കൊവിഡ് പ്രതിരോധത്തിന് ആവശ്യമെന്നു പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളുടെ കൂട്ടായ്മയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടത്താനിരുന്ന യുഎഇ-കുവൈറ്റ് സന്ദര്‍ശനം പ്രധാനമന്ത്രി നീട്ടിവച്ചത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. മുന്‍ഗണനാക്രമം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്‌പ്പില്‍ ലോകത്ത് മികച്ച നേട്ടം കൈവരിച്ച ഇന്ത്യ കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കം കുറിക്കുകയുമാണ്. രണ്ട് പുതിയ വാക്‌സിനുകള്‍ക്കുകൂടി പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ നടത്തുന്ന അടച്ചിടല്‍ പ്രായോഗികമല്ലെന്നും, അത് പല തിരിച്ചടികള്‍ക്കും കാരണമായിയെന്നുമുള്ള തിരിച്ചറിവ് ഇപ്പോള്‍ ലോകത്തിനുണ്ട്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വൃത്തി സൂക്ഷിക്കുന്നതിലും ഓരോരുത്തരും കാണിക്കുന്ന ശുഷ്‌കാന്തിയാണ് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് മറ്റൊന്ന്. ഒമിക്രോണിന്റെ വരവോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയും വളരെ ദൂരം സഞ്ചരിക്കാനുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ പത്തിലൊന്ന് കേരളത്തിലാണെന്ന വസ്തുത ഇപ്പോഴും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജനപ്പെരുപ്പമുള്ള പല സംസ്ഥാനങ്ങളും രോഗമുക്തിയില്‍ കൈവരിച്ചതിന് തുല്യമായ നേട്ടം കേരളത്തിന് നേടാനായിട്ടില്ല. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള തികഞ്ഞ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: