ശിവഗിരി: ജാതിയേയും മതത്തേയും കുറിച്ചുള്ള ശ്രീനാരായണ ഗുരു സന്ദേശങ്ങളും കാഴ്ചപ്പാടും മനസിലാക്കാത്തവര്‍ സമൂഹത്തില്‍ ഇന്നുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടുമുന്‍പുതന്നെ ഗുരു കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരു പകര്‍ന്നു നല്കിയ വെളിച്ചം കാലത്തേയും മനുഷ്യമനസുകളേയും മാറ്റിയെടുത്തു. എന്നാല്‍ മനുഷ്യമനുസുകളെ വീണ്ടും കലുഷിതമാക്കാനും പിന്നോട്ടുകൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ ചില വിഭാഗങ്ങള്‍ സംഘടിതമായി നടത്തുന്നുണ്ട്. പരസ്പരം സ്നേഹിക്കുകയും എല്ലാവരും ഒന്നു ചേര്‍ന്ന് ഒന്നായി നിലകൊള്ളുകയും ചെയ്യുന്ന ഉന്നതമായ മാനവികതയുടെ സന്ദേശമാണ് ഗുരുവിന്റെ ഉത്ബോധനങ്ങളുടെ ആകെത്തുക. മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കനിമൊഴി എം.പി, എം.എല്‍.എമാരായ വി. ജോയി, കെ. ബാബു, മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, ഗോകുലം ഗോപാലന്, അഡ്വ. വി.കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: