ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ മലമുകളില്‍ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കത്തോലിക്ക പള്ളി കയ്യേറിയ കേസ് സജീവശ്രദ്ധയിലേക്ക്. അനധികൃത കയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടിരിക്കുകയാണ്.
വനവല്ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് ജില്ലാ കളക്ടര്‍ മലമുകളിലേക്ക് പോയത്. അവിടെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി നിരപ്പാക്കിയ ശേഷം നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ഒരു കുരിശ് സ്ഥാപിച്ചുകൊണ്ടാണ് കയ്യേറ്റങ്ങളുടെ തുടക്കമെന്ന് പറയുന്നു. മലയുടെ താഴ് വാരത്തില്‍ താമസിക്കുന്ന ഇളയങ്കണ്ണി ഗ്രാമത്തിലെ ചില ആളുകളാണ് മലമുകളില്‍ 1961ല്‍ കുരിശ് നാട്ടിയതെന്ന് പറയപ്പെടുന്നു. പിന്നീട് 1982ല്‍ ഒരു പള്ളി സ്ഥാപിച്ചു.
തുടര്‍ന്ന് ഈ പള്ളിയിലേക്ക് എളുപ്പത്തില്‍ ഭക്തര്‍ക്ക് എത്തിച്ചേരാനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2014ല്‍ മലയുടെ ഒരു ഭാഗം ഡ്രില്‍ ചെയ്ത് റോഡ് നിര്‍മ്മാണം തുടങ്ങി. മലമുകളില്‍ അഞ്ചേക്കര്‍ ഭൂമി നിരപ്പാക്കി അവിടെ പാര്‍ക്കിങ് സ്ഥലവും നിര്‍മ്മിച്ചു. മൂന്ന് മാസം മുന്‍പാണ് റോഡ് ടാര്‍ ചെയ്യുന്നതിന്റെ തറക്കല്ലിടല്‍ ഡിഎംകെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്. വനവല്ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ നടാന്‍ ജില്ലാ കളക്ടര്‍ എത്തിയപ്പോഴാണ് മലമുകളിലെ മാറിയ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്.
മല കയ്യേറാനുള്ള നഗ്നമായ ശ്രമങ്ങള്‍ കണ്ട് അമ്പരന്ന കളക്ടര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യു, പഞ്ചായത്ത് അധികൃതര്‍ ഈ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് കണ്ടെത്തി. ഇത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്നും ആര്‍ക്കും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പുതുതായി രൂപീകരിച്ച കള്ളക്കുറിശ്ശി ജില്ലയില്‍ പെടുന്ന സവേരിയപാളയം എന്ന സമീപഗ്രാമത്തിലെ ഒരു കുന്നും ഇതേ രീതിയില്‍ കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. വെല്ലൂരിലെ റോമന്‍ കാതലിക് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍സി കാര്‍മല്‍ പള്ളിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
കൂണുകള്‍ പോലെ അനധികൃതമായി മുളച്ചുപൊന്തുന്ന പള്ളികളെയും പ്രാര്‍ത്ഥനാഹാളുകളെയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. രോഗികളായവരെ കണ്ടെത്തി അവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിന്റെ മറവില്‍ ഇവരെ മതപരിവര്‍ത്തനം ചെയ്യുകയാണ് മിഷണറിമാര്‍ എന്നും ആരോപിക്കപ്പെടുന്നു. മിഷണറിമാര്‍ ആദ്യം സര്‍ക്കാര്‍ ഭൂമിയില്‍ വീടുവെയ്ക്കാന്‍ അനുമതി വാങ്ങുകയാണ് ചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്നു. പിന്നീട് വീടിന് പകരം പ്രാര്‍ത്ഥനാ ഹാളുകള്‍ പണിയുന്നതാണ് രീതി. മാത്രമല്ല, ചെറിയ പ്രതിമകള്‍ സ്ഥാപിച്ച് പരിസരത്തെ കുന്നുകളും കയ്യേറും. പിന്നീട് അവിടെയുള്ളവരെ ചികിത്സാ, ധനസഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തശേഷം പ്രാര്‍ത്ഥനാ ഹാളില്‍ എത്തിക്കും. പള്ളി ഒഴികെ മറ്റെല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കാന്‍ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ തടയാന്‍ ഗ്രാമത്തില്‍ നിഷ്കളങ്കരായ ജനങ്ങളെത്തന്നെ കരുവാക്കുകയാണ് പള്ളിയധികൃതര്‍ എന്നും പറയുന്നു.
മലയുടെ മുകള്ഭാഗം കയ്യേറി പള്ളി നിര്‍മ്മിക്കുന്ന രീതി ഇതാദ്യമല്ല. ചെന്നൈയിലെ അചരപാക്കത്തിലെ കുന്നിന്മുകള് കയ്യേറിയാണ് മാലൈ മഴൈ മാതാ പള്ളി പണിതിരിക്കുന്നത്. ഈ പ്രദേശം സര്‍വ്വേ ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പശുപതീശ്വരാര്‍ ക്ഷേത്രത്തിലേക്ക് കടക്കാന്‍ കഴിയാത്ത വിധം മലയുടെ മുകള്ഭാഗം മുഴുവനായി കതോലിക്ക പള്ളി കയ്യേറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: