Categories: Entertainment

35 വര്‍ഷമായി നാടക വേദികളിലെ നിറ സാന്നിധ്യം; പ്രതിഭാസമായി വൈക്കം ബിനു

1986ല്‍ വൈക്കം നാട്യകലാകേന്ദ്രം എന്ന നൃത്ത നാടക സമിതിയുടെ കൊടുങ്കാറ്റ് എന്ന ബാലെയിലൂടെ വൈക്കം പങ്കജാക്ഷന്‍ നായരുടെ ശിക്ഷണത്തിലാണ് വൈക്കം ബിനു പ്രൊഫഷണല്‍ കലാരംഗത്തേക്ക് നടനായി കടന്നുവന്നത്.

Published by

നാടകം കളിച്ചും നാടകവണ്ടികളില്‍ ഉറങ്ങി നാടുനീളെ യാത്ര ചെയ്തും കഴിഞ്ഞ 35 വര്‍ഷമായി നാടകവേദികളെ പ്രകമ്പനം കൊള്ളിക്കുന്ന കലാകാരനാണ് വൈക്കം ബിനു. 2000ല്‍ മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും 2020ല്‍ തിലകന്‍ സ്മാര പുരസ്‌കാരവും അടക്കം ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളാണ് ഈ കലാകാരന്‍ ഇതിനോടകം വാരിക്കൂട്ടിയത്. 

വൈക്കം എന്ന കായലോര ഗ്രാമം മലയാള നാടക വേദിക്ക് സമ്മാനിച്ച അതുല്യ കലാകാരന്‍ കൂടിയാണ് ബിനു. സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകം, കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, കഥാരചന, കവിത രചന തുടങ്ങിയ ഇനങ്ങളില്‍ തിളങ്ങിയ ബിനു, മാസ്റ്റര്‍ ബിനു എന്ന പേരില്‍ കഥാപ്രസംഗങ്ങള്‍ അക്കാലത്ത് അവതരിപ്പിച്ചിരുന്നു. 1986ല്‍ വൈക്കം നാട്യകലാകേന്ദ്രം എന്ന നൃത്ത നാടക സമിതിയുടെ കൊടുങ്കാറ്റ് എന്ന ബാലെയിലൂടെ വൈക്കം പങ്കജാക്ഷന്‍ നായരുടെ ശിക്ഷണത്തിലാണ് വൈക്കം ബിനു പ്രൊഫഷണല്‍ കലാരംഗത്തേക്ക് നടനായി കടന്നുവന്നത്.  

തുടര്‍ന്ന് വൈക്കം ഗായത്രിയുടെ തച്ചോളി അമ്പാടിയില്‍ നായകനായി കലാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. 1989 ല്‍ പ്രൊഫഷണല്‍ നാടക വേദിയിലേക്ക് ചുവട് മാറ്റി. കൊച്ചിന്‍ നാടക വേദിയുടെ അബ്രഹാം ആയിരുന്നു ആദ്യ നാടകം. ചേര്‍ത്തല ഷൈലജ, കൊല്ലം ചൈതന്യ, സൂര്യ സോമ, സംഘചേതന, ഓച്ചിറ രാഗം, സൗമ്യസാര, അമല, ആലുവ ശാരിക, തൊടുപുഴ സഹ്യാദ്രി, പാലാ കമ്മ്യൂണിക്കേഷന്‍, തിരുവനന്തപുരം സങ്കീര്‍ത്തന, കോഴിക്കോട് സങ്കീര്‍ത്തന, നാദം, വസുന്ധര, ചങ്ങനാശ്ശേരി അണിയറ… അങ്ങനെ നീളുകയാണ് വൈക്കം ബിനുവിന്റെ നാടക യാത്ര. ഇടക്ക് കെപിഎസിയിലും കലാനിലയം സ്ഥിരം നാടക വേദിയിലും അഭിനയിച്ചു.  

                                                                                                                                                                                                        ചിത്രം: ആര്‍.ആര്‍. ജയറാം

നാടകം പ്രൊഫഷന്‍ ആയി സ്വീകരിച്ചപ്പോഴും നൃത്ത നാടകങ്ങള്‍ ജീവവായുപോലെ തന്നെ സ്നേഹിച്ച കലാകാരന്‍ കൂടിയാണ് വൈക്കം ബിനു. 1995 ല്‍ വൈക്കം കേന്ദ്രമാക്കി ഭരതശ്രീ എന്ന നൃത്ത നാടക സമിതി രൂപീകരിച്ച് 21 വര്‍ഷം സംഘാടകനും സംവിധായകനുമായി പ്രവര്‍ത്തിച്ചു. 25 നാടകങ്ങളും 30 നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 16 ഓളം സംവിധായകരുടെ ശിക്ഷണത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് വൈക്കം ബിനു പറഞ്ഞു. 1985 ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്‌ക്കും കടന്നു വന്നു.  

ഒടുവില്‍ അഭിനയിച്ച ‘ഓര്‍ക്കിഡ് പൂക്കള്‍’ പറഞ്ഞ കഥയില്‍ നല്ല കഥാപാത്രം ആയിരുന്നു. ഇപ്പോള്‍ ‘ഒരു പുതിയ കഥ’ എന്ന സിനിമ ചിത്രീകരണം കഴിഞ്ഞു റിലീസിന് തയ്യാറെടുക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന പരമ്പരയിലും അഭിനയിച്ചു വരിയാണ്. ഭാര്യ ജൂലി, അഭിനേത്രിയും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച കലാകാരിയുമാണ്. മകന്‍ അമല്‍ ബിനു (ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്)  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by