തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കുറഞ്ഞത് അരലക്ഷം പേരെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും കേരളത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാകുമെന്നും വ്യക്തമാക്കുന്ന പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തായി. സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്റെ കുറച്ചു ഭാഗം മാത്രമാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത പാടേ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൊച്ചുവേളി- കാസര്‍കോട് അതിവേഗ റെയില്‍പ്പാതയുടെ ദൈര്‍ഘ്യം 530.6 കിലോമീറ്ററാണ്. പാത നിര്‍മിക്കാന്‍ 9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കണം, പദ്ധതിക്ക് വേണ്ടത് 1383 ഹെക്ടര്‍ ഭൂമി. ഇതില്‍ 1198 ഹെക്ടറും സ്വകാര്യഭൂമിയാണ്, 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയും.
63,940 കോടിയാണ് ചെലവ്. കേന്ദ്രം 6313 കോടി നല്‍കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സംസ്ഥാനം 19,675 കോടിയും ഷെയറിലൂടെ 4251 കോടിയും വായ്പയിലൂടെ 33,699 കോടിയും സമാഹരിക്കും. പാതയുടെ അറ്റകുറ്റപ്പണിക്ക് പ്രതിവര്‍ഷം 542 കോടി വേണം.
കമ്പനി ജീവനക്കാരും കരാര്‍ ജീവനക്കാരുമായി 5000 പേരെ നിയമിക്കണം. പ്രതിവര്‍ഷം ശമ്പളത്തിന് 333 കോടി വേണം. സൗരോര്‍ജ്ജമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണം. സ്വകാര്യ കമ്പനിയില്‍ നിന്നും കെഎസ്ഇബിയില്‍ നിന്നുമായി വൈദ്യുതി വാങ്ങും. സ്വകാര്യ കമ്പനിയില്‍ നിന്ന് യൂണിറ്റിന് 3.50 രൂപ നിരക്കിലാണിത്. 50 ശതമാനം സൗരോര്‍ജ്ജം സംസ്ഥാനത്തിന് പുറത്തുനിന്നു യൂണിറ്റിന് 5.76 രൂപയ്ക്കു വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: