തിരുവല്ല: അധ്യാപക സംഘടനകളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ തിടുക്കത്തില്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രായോഗിക പരീക്ഷ ഫെബ്രുവരി 21 നും മോഡല്‍ പരീക്ഷ മാര്‍ച്ച് 16 നും ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കില്ല. ഇപ്പോഴത്തെ രണ്ടാംവര്‍ഷ കുട്ടികളുടെ ഒന്നാംവര്‍ഷ പരീക്ഷ ഒക്ടോബര്‍ 26 നാണ് അവസാനിച്ചത്. അതുവരെ രണ്ടാം വര്‍ഷ പഠനത്തില്‍ കുട്ടികള്‍ ശ്രദ്ധിച്ചിട്ടില്ല. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഓഫ് ലൈന്‍ ക്ലാസുകളും പ്രതിസന്ധിയിലാകും. ഹയര്‍ സെക്കണ്ടറിയില്‍ സിലബസിന്റെ 25 ശതമാനം പോലും പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയാതെ അങ്കലാപ്പിലാണ് അധ്യാപകരും കുട്ടികളും.
ഡിസംബര്‍ ആദ്യമാണ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്. അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം. ക്ലാസ് ഉച്ചവരെയേ ഉള്ളൂവെങ്കിലും അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. അതേ സമയം തന്നെ അധ്യാപകര്‍ വൈകുന്നതു വരെ ഇരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒട്ടുമിക്ക സ്കൂളുകളിലും നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാല്‍ സ്കൂളില്‍ വച്ച് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതും പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.
ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 3ന് ക്ലാസ് പുനരാരംഭിച്ചാലും ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയാണ്. അധ്യാപകര്‍ അതിന്റെ മൂല്യനിര്‍ണയത്തിന് പോകുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി 10 ,12 വരെ ക്ലാസ് മുടങ്ങും അത് കഴിഞ്ഞാല്‍ ഉടന്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തുടങ്ങും. കഴിഞ്ഞവര്‍ഷം 40 ശതമാനമായി പരിമിതപ്പെടുത്തിയിരിന്നു. ഈ വര്‍ഷം 60 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചത്. പത്താം ക്ലാസ് കാര്‍ക്ക് സോഷ്യല്‍ സയന്‍സ് പോലെ ചില വിഷയങ്ങള്‍ക്ക് ഫോക്കസ് ഏരിയ കൂടിപോയിട്ടുണ്ടെന്നും പരാതിയുണ്ട്.
പ്രാക്ടിക്കല്‍ പരീക്ഷ തിയറി പരീക്ഷയ്ക്ക് ശേഷമാക്കിയും, സ്കൂള്‍ പഠനം പൂര്‍ണതോതില്‍ ആരംഭിച്ചും ഇരുകൂട്ടരുടെയും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന അഭിപ്രായം ശക്തമാണ്.ഏപ്രില്‍ ആദ്യവാരം നടക്കുന്ന ഹയര്‍ സെക്കന്ററി പൊതു പരീക്ഷയ്ക്കു മുന്‍പായി പ്രായോഗിക പരീക്ഷകള്‍ നടത്താനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും ഈ ടൈംടേബിള്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും എ.എച്ച്.എസ്.ടി.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: