തിരുവല്ല: കാലാവസ്ഥ വ്യതിയാനം മൂലം പുഞ്ചകൃഷി താളം തെറ്റിയിരിക്കെ സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ കര്‍ഷക രോഷം ശക്തം. മുന്‍ വര്‍ഷങ്ങളിലെ ഉത്പാദനബോണസ്,രാഷ്ടീ കൃഷി യോജന,സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരമുള്ള സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കാതെയിരിക്കുന്നത്. ഇത് കൂടാതെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടായ കാര്‍ഷിക നഷ്ടം നികത്താനും സഹായമില്ല.അതേ സമയം കര്‍ഷകര്‍ക്ക് പുതിയതായി കൃഷിയിറക്കാന്‍ ആവശ്യമായ വിത്ത് ലഭ്യമാക്കാനും നടപടിയില്ല. കൃഷിവകുപ്പിനെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ തുറന്ന് പറയുന്നു. ഏതെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥന് പാടത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ എന്നും അവര്‍ രോഷത്തോടെ ചോദിക്കുന്നു.
രാഷ്ട്രീയ കൃഷി യോജന, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരം 5500 രൂപയുടെ സഹായമാണ് ഒരോ വര്‍ഷവും കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഇത് 6,000 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 6,000 രൂപയില്‍ നിന്ന് 5,500 രൂപയായി കുറയ്ക്കുകയായിരുന്നു എന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദന ബോണസായി കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 1,000 രൂപയാണ് ലഭിക്കുന്നത്. ഇതും വിതരണം ചെയ്യാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തില്‍ 451.65 കോടിയുടെ വിളനാശമാണ് ഉണ്ടായത്. ഇതില്‍ നെല്ല് , വാഴ, പച്ചക്കറി എന്നിവയും ഉള്‍പ്പെടും. എന്നാല്‍ നഷ്ടപരിഹാരം എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സഹായങ്ങള്‍ വൈകുമെന്ന സൂചനയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേ സമയം ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന പ്രഖ്യാപനം അടുത്തയിടെ കൃഷിമന്ത്രി നടത്തിയിരുന്നു. വിളനാശത്തിലൂടെയുണ്ടാകുന്ന കര്‍ഷകന്റെ നഷ്ടം നികത്താന്‍ സഞ്ചിത നിധി ഏറെ സഹായകമാകും. കൃഷി നാശത്തിനു പുറമെ കൃഷി ഭൂമി പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൃഷി വകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ കര്‍ഷകരെ സഹായിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ സഹായങ്ങളോ കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: