ലണ്ടന്‍: സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സല പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍വി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റിയോറ്റടു തോറ്റു. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ രണ്ടാം തോല്‍വിയാണിത്. ഈ തോല്‍വി ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ പതിനാറാം മിനിറ്റിലാണ് മുഹമ്മദ് സല പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. സലയുടെ ദുര്‍ബലമായ ഷോട്ട് ലെസ്റ്റര്‍ സിറ്റി ഗോളി കാസ്പര്‍ അനായാസം രക്ഷപ്പെടുത്തി. പതിനാറ് പെനാല്‍റ്റികള്‍ ഗോളാക്കിയശേഷം ഇതാദ്യമായാണ് സലയ്ക്ക് പിഴയ്ക്കുന്നത്. 2017 ഒക്ടോബറില്‍ ഹഡ്ഡേഴ്സ്ഫീല്ഡിനെതിരായ മത്സരത്തിലാണ് സല അവസാനമായി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ സ്കോര്‍ ചെയ്തു. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ലുക്ക്മാനാണ് ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ ലിവര്‍പൂളിന് ചെല്‍സിക്കൊപ്പം നാല്‍പ്പത്തിയൊന്ന് പോയിന്റായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ചെല്‍സിയെ മറികടന്ന് ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്. ലിവര്‍പൂളിനെക്കാള്‍ ആറു പോയിന്റ് കൂടുതലുളള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് 19 മത്സരങ്ങളില്‍ 47 പോയിന്റുണ്ട്. അതേസമയം, ഈ വിജയത്തോടെ ലെസ്റ്റര്‍ സിറ്റി 18 മത്സരങ്ങളില്‍ 25 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ മറികടന്നു. ടോട്ടനവും സതാംപ്റ്റണും തമ്മിലുളള മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: