ന്യൂദല്‍ഹി: പുതിയ യുദ്ധസാങ്കേതികവിദ്യകളിലേക്ക് കരസേനയെ കൈപിടിച്ചുയര്‍ത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി നിര്‍മ്മിത ബുദ്ധി, ക്വാന്റം, സൈബര്‍ മേഖലയില്‍ കരസേനയെ ശക്തിപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ തുടങ്ങും.
ഇതിന്റെ ഭാഗമായി ഗവേഷണവും പരിശീലനവും മെച്ചപ്പെടുത്താന്‍ മധ്യപ്രദേശിലെ മോവില്‍ ക്വാന്റം ലാബോറട്ടറി സ്ഥാപിച്ച് ഇന്ത്യന്‍ കരസേന. മധ്യപ്രദേശിലെ മോവില്‍ മിലിറ്ററി കോളെജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗില്‍(എംസിടിഇ) ആണ് ക്വാന്റം ലാബ് സ്ഥാപിച്ചിരിക്കുന്നത്.
ഈയിടെ മോവില്‍ സന്ദര്‍ശനം നടത്തിയ കരസേന മേധാവി ജനറല്‍ എം.എം. നരവനെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംസിടിഇയില് ഒരു നിര്‍മ്മിത ബുദ്ധി കേന്ദ്രവും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സ്ഥാപിച്ചിട്ടുണ്ട്. ‘ഇവിടുത്തെ സൈബര്‍ സെക്യൂരിറ്റി ലാബ് വഴി സൈബര്‍ യുദ്ധത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്.’ – ഇന്ത്യന്‍ കരസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം ഓപ്പറേഷന്‍സ് രംഗത്ത് കരസേനയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ 2020 ഒക്ടോബറില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരസേനയുടെ ടെക്നോളജി സ്ഥാപനങ്ങളില്‍ നിര്‍മ്മിത ബുദ്ധി, ക്വാന്റം, സൈബര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധനല്കിത്തുടങ്ങിയത്.
പുതിയ ഗവേഷണസ്ഥാപനം ക്വാന്റം സാങ്കേതികവിദ്യയുടെ മേഖലയില്‍ ഭാവി തലമുറയ്ക്ക് ചേരുന്ന വാര്ത്താവിനിമയമേഖലയിലേക്ക് നമ്മെ കൊണ്ടുപോകും. രഹസ്യ ലിപിവിദ്യയുടെ (ക്രിപ്റ്റോഗ്രഫി) മേഖലയില്‍ ഇന്ത്യയുടെ കരുത്ത് ഇതോടെ വര്‍ധിക്കും. ‘ക്വാന്റം കീ ഡിസ്ട്രിബ്യൂഷന്‍, ക്വാന്റം കമ്മ്യൂണിക്കേഷന്‍, ക്വാന്റം കംപ്യൂട്ടിംഗ്, പോസ്റ്റ് ക്വാന്റം ക്രിപ്റ്റോഗ്രഫി എന്നി മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും,’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കരസേനയില്‍ മറ്റ് ഗവേഷണസ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ ഐടി, ഡിആര്‍ഡിഒ, ഗവേഷണസ്ഥാപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തും. ഇത് ആത്മനിര്‍ഭര്‍ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള പൗര-സൈനിക സംയോജനത്തിന്റെ ഉത്തമ ഉദാഹരണമായിരിക്കുമെന്നും കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: