ഫത്തോഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എസ്സി ഈസ്റ്റ് ബംഗാള്‍ പരിശീലകന് ജോസെ മാനുവല്‍ ഡയസിനെ പുറത്താക്കി. ക്ലബാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്. പുതിയ സീസണില്‍ ഒരു വിജയം പോലും നേടാന്‍ സാധിക്കാത്ത കാരണം ടീം മാനേജ്മെന്റാണ് പരിശീലകനെ പുറത്താക്കിയത്.
മുന്‍ റയല്‍ മാഡ്രിഡ് യൂത്ത് ടീം പരിശീലകനായ ഡയസ് ഈ സീസണ് തുടക്കത്തിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. റയല്‍ മാഡ്രിഡ് അക്കാദമി, റയല്‍ മാഡ്രിഡ് സി, റയല്‍ മാഡ്രിഡ് ബി ടീമുകളെ ഡയസ് മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമേ ഈസ്റ്റ് ബംഗാളിന് നേടാന്‍ സാധിച്ചിട്ടുള്ളു.
കഴിഞ്ഞ സീസണിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്ന ഈസ്റ്റ് ബംഗാളിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സീസണ് എട്ടിന് മുന്നോടിയായി പുതിയ പരിശീലകനെയും കൂടുതല്‍ താരങ്ങളെയും ടീമിലെത്തിച്ചത്. എന്നാല്‍ നിലവില്‍ ഈസ്റ്റ് ബംഗാള്‍ നിരയില്‍ ക്രൊയേഷ്യന്‍ താരം പെര്‍സോവിച്ച് മാത്രമാണ് അത്യാവശ്യം മെച്ചപ്പെട്ട പ്രകടനം കഴ്ചവച്ചത്. ഡയസിന്റെ അഭാവത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സഹ പരിശീലകനുമായ റെനഡി സിങിനായിരിക്കും ഈസ്റ്റ് ബംഗാളിന്റെ പരിശീലക ചുമതല. പുതിയ പരിശീലകനെ എന്ന് നിയമിക്കുന്ന കാര്യം ഈസ്റ്റ് ബംഗാള്‍ ഇത് വരെ അറിയിച്ചിട്ടില്ല. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകനായിരുന്ന എല്‍കോ ഷറ്റോരി ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്ന് അഭ്യൂഹം പരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: