ന്യൂദല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ, കുവൈത്ത് സന്ദര്‍ശനം നീട്ടി. ജനവരി ആറിനായിരുന്നു സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധം 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നത്. ദുബായ് എക്സ്പോയുടെ ഇന്ത്യാ പവലിയന് പ്രധാനമന്ത്രി സന്ദര്‍ശിക്കാനും പദ്ധതിയിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെയ്ക്കാന്‍ പോകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ കൂടുതല്‍ വ്യക്തത വരുത്താനും ഈ സന്ദര്‍ശനം ഉപകരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ഈ യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫിബ്രവരിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ലോകമെമ്പാടും ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ വ്യാപനം നിയന്തണവിധേയമാണ്. ആകെ 800 കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം യുഎഇയില്‍ 1732 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചു. അബുദാബിയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിലെ ഹെല്‍ത് ആപില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വാക്സിന് എടുക്കാത്തവരാണെങ്കില്‍ ഡിസംബര്‍ 30 മുതല്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: